Quantcast

അമീറിന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ; വസ്തുത വിശദീകരിച്ച് ജമാഅത്തെ ഇസ്‌ലാമി

അപൂർണവും വസ്തുതാവിരുദ്ധവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും മാധ്യമങ്ങളും വ്യക്തികളും വിട്ടുനിൽക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഭ്യർഥിച്ചു

MediaOne Logo
അമീറിന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ; വസ്തുത വിശദീകരിച്ച് ജമാഅത്തെ ഇസ്‌ലാമി
X

ന്യൂഡൽഹി: അമീർ സയ്യിദ് സാദത്തുല്ല ഹുസൈനിയുടേതായി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ക്ലിപ്പ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി. പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ, ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയുടെ ഒരു ഭാഗം മാത്രമാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ യുദ്ധവും അടിച്ചമർത്തലും അസ്ഥിരതയും നേരിടുന്ന മുസ്‌ലിം ജനവിഭാഗങ്ങളുടെ ദുരവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, ഭാരതീയ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉറപ്പുനൽകുന്ന സമാധാനപരമായ സാഹചര്യത്തെക്കുറിച്ചായിരുന്നു ആ ചോദ്യം.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങൾ പകർന്നുനൽകുന്ന സുരക്ഷിതാവസ്ഥക്കും സമാധാനാന്തരീക്ഷത്തിനും നാം ദൈവത്തോട് നന്ദിയുള്ളവരാണെന്നാണ് അമീർ വ്യക്തമാക്കിയത്. എന്നാൽ, അദ്ദേഹത്തിന്റെ മറുപടിയുടെ ബാക്കി ഭാഗങ്ങൾ വെട്ടിമാറ്റി ഭാഗികമായ രൂപത്തിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഭരണഘടനാ മൂല്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, രാജ്യത്തെ സ്‌നേഹവും ഐക്യവും തകർക്കാനും ഇത്തരം മൂല്യങ്ങളെ അട്ടിമറിക്കാനും ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെക്കുറിച്ച് അദ്ദേഹം അവിടെ കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിർണായകമായ ഈ വസ്തുതകൾ മറച്ചുവെച്ചുകൊണ്ട് വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് തെറ്റായ ധാരണകൾ പടർത്താൻ മാത്രമേ ഉപകരിക്കൂ.

ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും എല്ലാ പൗരന്മാരുടെയും അവകാശങ്ങളെയും അന്തസിനെയും പിന്തുണയ്ക്കുന്ന നിലപാട് ജമാഅത്തെ ഇസ്‌ലാമി ആവർത്തിച്ചു വ്യക്തമാക്കി. അതേസമയം വിഭജനം സൃഷ്ടിക്കാനും മുസ്‌ലിംകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ പാർശ്വവൽക്കരിക്കാനും വർഗീയ-ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന നീക്കങ്ങളിൽ സംഘടന ആശങ്ക രേഖപ്പെടുത്തി. അപൂർണവും വസ്തുതാവിരുദ്ധവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും മാധ്യമങ്ങളും വ്യക്തികളും വിട്ടുനിൽക്കണം. രാജ്യത്തിന്റെ ഉദാത്തമായ സമാധാന പാരമ്പര്യവും ഭരണഘടനാപരമായ മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി അഭ്യർഥിച്ചു.

TAGS :

Next Story