വർഗീയ വിഭജനം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നു: ജമാഅത്തെ ഇസ്‌ലാമി
സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ വ്യക്തമാക്കി.

കോഴിക്കോട്: വർഗീയ വിഭജനമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. പഹൽഗാം ഭീകരാക്രമണം ഉണ്ടായപ്പോൾ ജമാഅത്തെ ഇസ് ലാമി പ്രതികരിച്ചില്ലെന്ന പച്ചക്കള്ളമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ വ്യക്തമാക്കി.
മുസ്ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടർച്ചയാണ് പാർട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവന. മുസ്ലിം സമുദായത്തെയും സംഘടനകളെയും അപരവത്കരിക്കുകയും ഭീകരവത്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തിൽ സിപിഎം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയർത്തുന്നത്. ഇസ്ലാമോ ഫോബിയ നാൾക്കുനാൾ കേരളത്തിൽ ബലപ്പെട്ടുവരുന്നതിൽ സിപിഎം നൽകുന്ന സംഭാവന വളരെ വലുതാണെന്നും ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം:
വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സഖാക്കളും പച്ചക്കള്ളമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പഹൽ ഗാമിൽ ഭീകരാക്രമണം നടന്നപ്പോൾ ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോൾ പാർട്ടി സെക്രട്ടറി എഴുന്നെള്ളിച്ചിരിക്കുന്നത്. സമൂഹത്തിൽ വർഗീയ ധ്രവീകരണം സൃഷ്ടിക്കാൻ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്.മുസ്‌ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടർച്ചയാണ് പാർട്ടിസെക്രട്ടറിയുടെ ഈ പ്രസ്താവനയും.മുസ്‌ലിം സമുദായത്തെയും സംഘടനകളെയും അപരവൽക്കരിക്കുകയും ഭീകരവൽക്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തിൽ സി.പി.എം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയർത്തുന്നത്.ഇസ്ലാമോ ഫോബിയ നാൾക്കുനാൾ കേരളത്തിൽ ബലപ്പെട്ടുവരുന്നതിൽ സി.പി.എം നൽകുന്ന സംഭാവന വളരെ വലുതാണ്.
Adjust Story Font
16

