‘സമസ്ത നൂറാം വാർഷികം എല്ലാവരും ആഘോഷിക്കുന്നു'; കാന്തപുരം വിഭാഗത്തെ പരിഹസിച്ച് ജിഫ്രി തങ്ങൾ
''ഹോട്ടലിലൊക്കെ കയറി ഞാൻ കൊടുക്കാം പൈസ എന്ന് പറയുംപോലെ 100ാം വാർഷികം ഞങ്ങൾ ആഘോഷിക്കും എന്ന് പലരും പറയുന്നുണ്ട്''

കോഴിക്കോട്: സമസ്തയുടെ 100ാം വാർഷികം ആഘോഷിക്കുന്ന കാന്തപുരം വിഭാഗത്തെ പരിഹസിച്ച് ജിഫ്രി തങ്ങൾ. കാന്തപുരം വിഭാഗത്തിന്റെ പേര് എടുത്തുപറയാതെയായിരുന്നു സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശം.
'' 100ാം വാർഷികം എല്ലാവരും ആഘോഷിക്കുകയാണ്. ഹോട്ടലിലൊക്കെ കയറി ഞാൻ കൊടുക്കാം പൈസ എന്ന് പറയുംപോലെ 100ാം വാർഷികം ഞങ്ങൾ ആഘോഷിക്കും എന്ന് പലരും പറയുന്നുണ്ട്. സംഘടനയുടെ മഹത്വം എത്രമാത്രം വലുതാണെന്ന് അറിയുമോ? എല്ലാവർക്കും ഇതിന്റെ നൂറാം വാർഷികം ആഘോഷിക്കണം. അപ്പോ ഇവരോടൊക്കെ പറയാനുള്ളത്, സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ 100ാം വാർഷികം ഔദ്യോഗികമായി ആഘോഷിക്കേണ്ടവർ ആഘോഷിക്കും''- അദ്ദേഹം പറഞ്ഞു. ഇനി മുജാഹിദ് പ്രസ്ഥാനവും ജമാഅത്തും എപ്പോഴാണ് ആഘോഷവുമായി വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
സമസ്ത 99 ആണ്ട് പൂര്‍ത്തിയാക്കി ശതാബ്ദിയിലേക്ക് കടക്കുന്ന പരിപാടികളുടെ തുടക്കം കുറിച്ച് കോഴിക്കോട് വരക്കല്‍ മഖാം അങ്കണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായ സമസ്ത ഇ.കെ വിഭാഗത്തിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ അടുത്ത വര്‍ഷമാണ് . 2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട്ടാണ് പരിപാടി. ഇന്നാണ് സമസ്തക്ക് 99 വയസ് പൂര്‍ത്തിയാകുന്നത്. അതേസമയം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ നയിക്കുന്ന സമസ്ത എപി വിഭാഗവും ആഘോഷ പരിപാടികളുമായി രംഗത്തുണ്ട്. 1989ൽ സമസ്തയിൽ നിന്ന് പിളർന്ന ശേഷമാണ് കാന്തപുരം വിഭാഗം സംഘടന രൂപീകരിച്ചത്.
Adjust Story Font
16

