സാമൂഹ്യമാധ്യമ പോസ്റ്റുകളുടെ പേരില്‍ ഒരുവർഷം തടവും പിഴയും; മാധ്യമപ്രവർത്തകൻ രവി നായർക്ക് ജാമ്യം
ഒരു മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ചത്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ടകേസിൽ ശിക്ഷിക്കപ്പെട്ട മാധ്യമപ്രവർത്തകൻ രവി നായർക്ക് ജാമ്യം. അപകീർത്തി കേസിലെ ശിക്ഷാവിധി മരവിപ്പിച്ചു. ഒരു മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ചത്.
അപ്പീൽ നൽകാനാണ് കോടതി സമയം അനുവദിച്ചത്. അദാനി നൽകിയ അപകീർത്തി കേസിലാണ് ശിക്ഷ വിധിച്ചിരുന്നത്. സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെ പേരിൽ ഒരുവർഷം തടവും പിഴയും വിധിച്ച കേസിലാണ് അപ്പീൽ. ഗാന്ധിനഗർ ജില്ലാകോടതിയിലാണ് രവി നായർ അപ്പീൽ നൽകിയത്.
ക്രിമിനൽ അപകീർത്തിക്കേസിൽ കോടതി രവിനായരെ കുറ്റക്കാരനായി കണ്ടെത്തുകയും ഒരുവർഷം തടവും പിഴയും ശിക്ഷയായി വിധിക്കുകയും ചെയ്തിരുന്നു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ മാനനഷ്ടക്കേസിലാണ് കോടതി നടപടി. വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകൾ അടങ്ങിയ എക്‌സ് പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.
അദാനി ഗ്രൂപ്പിനെതിരെ മറ്റ് മാധ്യമങ്ങളിൽ വന്ന വാർത്തകളും പ്രസ്താവനകളും ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് രവി നായർക്കെതിരെ പരാതി നൽകിയത്. വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ കേസെടുത്തില്ലെന്നും അവ ട്വീറ്റ് ചെയ്ത തനിക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടിക്കെതിരെയാണ് രവി നായർ നിയമപോരാട്ടത്തിനൊരുങ്ങുന്നത്.
Adjust Story Font
16

