Quantcast

മഅ്ദനിക്ക് നീതി; കർണാടക സർക്കാരിൽ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരന്‍ എം.പി

മഅ്ദനിക്ക് വേണ്ട ഇടപെടൽ നടത്താൻ കേരളത്തിലെ യു.ഡി.എഫ് ശ്രമിക്കുമെന്നും കെ മുരളീധരൻ

MediaOne Logo

Web Desk

  • Published:

    16 Jun 2023 4:44 PM GMT

Karnataka, Supreme Court, Abdul Nasser Madani, K Muraleedharan, കര്‍ണാടക, സുപ്രിം കോടതി, മഅ്ദനി, കെ മുരളീധരന്‍
X

ഇടുക്കി: മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതിൽ കർണാടക സർക്കാരിൽ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരന്‍ എം.പി. മഅ്ദനിക്ക് വേണ്ട ഇടപെടൽ നടത്താൻ കേരളത്തിലെ യു.ഡി.എഫ് ശ്രമിക്കുമെന്നും മുരളീധരൻ പറഞ്ഞു. അബ്ദുല്‍ നാസർ മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ താലൂക്ക് മഹല്ല് കൂട്ടായ്മ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരള നിയമസഭയിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു. മഅ്ദനിക്ക് ജാമ്യം മാത്രമല്ല അദ്ദേഹത്തിന്‍റെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് കുറ്റവിമുക്തനായി പുറത്തിറങ്ങാനുള്ള അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതി കുടുംബാംഗങ്ങളെ കാണാന്‍ ജാമ്യം അനുവദിച്ചിട്ട് പോലും മഅ്ദനിക്ക് പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. ആദ്യമായിട്ടാണ് 60 ലക്ഷം കെട്ടിവെച്ച് പുറത്തിറങ്ങാമെന്ന ഉത്തരവ് കേള്‍ക്കുന്നത്. അദാനിക്കും അംബാനിക്കും മാത്രം കഴിയുന്നതാണിത്. സാധാരണക്കാരനെ സംബന്ധിച്ച് ഇത്രയും വലിയ തുക ഓര്‍ക്കാനേ പറ്റില്ല. ബിജെപി കര്‍ണാടക ഭരിക്കുമ്പോഴാണ് ഇത്രയും വലിയ തുക സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണമെന്ന് പറയുന്നത്. പത്ത് നേരം ഭക്ഷണം കഴിച്ചാല്‍ പോലും ഇതിന്‍റെ പത്തിലൊന്നാകില്ല. ഭക്ഷണവും താമസവും ഫൈവ് സ്റ്റാര്‍ ഹോട്ടലിലായാല്‍ പോലും ഇത്ര വലിയ തുകയാകില്ല. കർണാടകയിൽ ഒരു മതേതര സർക്കാർ അധികാരത്തിൽ വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ സർക്കാർ നടപ്പാക്കാൻ ശ്രമിച്ച എല്ലാ മതന്യൂനപക്ഷ വിരുദ്ധ നിയമങ്ങളും ഇല്ലായ്മ ചെയ്യാനുള്ള തീരുമാനം ഇന്നലെ കർണാടക മന്ത്രിസഭ സ്വീകരിച്ചു. അടുത്ത ജൂലൈയിലെ നിയമസഭാ സമ്മേളനത്തിൽ നിയമം പ്രാവർത്തികമാകുമെന്നും മുരളീധരന്‍ പറഞ്ഞു.

ഇനിയും ബി.ജെ.പി സർക്കാരാണ് അധികാരത്തിലെത്തുന്നതെങ്കിൽ ഗാന്ധിജി വില്ലനും ഗോഡ്‌സെ മഹാനുമാകുന്ന രീതിയിൽ കാര്യങ്ങളെത്തും. ഇപ്പോൾ തന്നെ ഗോഡ്‌സെയ്ക്ക് അമ്പലമുണ്ടാക്കണമെന്ന് പറഞ്ഞാണ് നടക്കുന്നത്. മഅ്ദനിക്ക് നീതി നിഷേധിച്ചതു പോലെ പലർക്കും നീതി നിഷേധിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. പുറത്ത് വികസനവും വന്ദേഭാരത് ട്രെയിനിന്‍റെ കഥയും ശാസ്ത്രസാഹിത്യ രംഗത്തെ വളർച്ചയും പറഞ്ഞ് സ്വന്തം അജണ്ട നടപ്പാക്കുകയാണ്. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുൽ കലാം ആസാദിന്‍റെ പേര് പോലും ചരിത്രത്തിൽനിന്ന് നീക്കുകയാണ്. ചരിത്രസത്യങ്ങളെ ഇല്ലാതാക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഇവരെ വോട്ട് ചെയ്ത് പുറത്താക്കാൻ എല്ലാ മതേതരകക്ഷികളും ഒന്നിക്കണമെന്നും കെ മുരളീധരന്‍ പ്രസംഗത്തില്‍ പറഞ്ഞു.

TAGS :

Next Story