Quantcast

'രാ​ഹുലിനെതിരെ ബ്രഹ്മാസ്ത്രം പ്രയോ​ഗിക്കേണ്ടിവരും, പുകഞ്ഞ കൊള്ളി പുറത്ത്'; പുറത്താക്കുമെന്ന സൂചന നൽ‌കി കെ. മുരളീധരൻ

'പാർട്ടി രാഹുലുമായുള്ള പൊക്കിൾക്കൊടിബന്ധം വിച്ഛേദിച്ചു കഴിഞ്ഞു. പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ മതിൽ ചാടാനല്ല'.

MediaOne Logo

Web Desk

  • Updated:

    2025-12-03 05:55:16.0

Published:

3 Dec 2025 9:39 AM IST

K Muraleedharan hints at sacking Rahul Mangkootathil over Rape Case
X

Photo| Special Arrangement

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺ​ഗ്രസ് പുറത്താക്കിയേക്കും. പുതിയ പരാതി വന്ന സാഹചര്യത്തിലാണ് കോൺ​ഗ്രസ് നിലപാട് കടുപ്പിക്കുന്നത്. ഇതുസംബന്ധിച്ച് സൂചന നൽകി കെ. മുരളീധരൻ രം​ഗത്തെത്തി. രാഹുലിന്റെ കാര്യത്തിൽ കെപിസിസി പ്രസിഡന്റ്‌ ഉചിതമായ തീരുമാനം എടുക്കുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.

സസ്പെൻഷൻ തെറ്റ് തിരുത്തൽ ആയിരുന്നു. ഇനി അതിനുള്ള സ്കോപ്പില്ലാത്തതിനാൽ ഉചിതമായ തീരുമാനം ഉണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുക്കുക. രേഖാമൂലമുള്ള പരാതിയില്ലാത്ത സാഹചര്യത്തിലായിരുന്നു നേരത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇപ്പോൾ രേഖാമൂലമുള്ള പരാതി സർക്കാരിനും പാർട്ടിക്കും കിട്ടിയിട്ടുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ചെയ്യാത്ത ആൾ പാർട്ടിക്ക് പുറത്താണ്.

എംഎൽഎ സ്ഥാനത്ത് തുടരണമോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണ്. പാർട്ടി രാഹുലുമായുള്ള പൊക്കിൾക്കൊടിബന്ധം വിച്ഛേദിച്ചു കഴിഞ്ഞു. പാർട്ടി ജോലികൾ ചെയ്യാത്ത ആൾക്കാർ പാർട്ടിക്ക് പുറത്താണ്. പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ മതിൽ ചാടാനല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിക്കും ജനപ്രതിനിധിക്കും ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് പോകാൻ സമയം കിട്ടില്ല. അത്തരക്കാർ പൊതുരം​ഗത്തെന്നല്ല, ഒരു രം​ഗത്തും പ്രവർത്തിക്കാൻ യോ​ഗ്യനല്ല.

പുകഞ്ഞ കൊള്ളി പുറത്താണെന്നും ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്തുപോകാമെന്നും മുരളീധരൻ പറഞ്ഞു. കോൺ​ഗ്രസിന് മറ്റ് പാർട്ടികളുടെ കാര്യം നോക്കേണ്ടതില്ല. അത് ജനങ്ങൾ നോക്കട്ടെ. പാർട്ടി നിലപാടിനനുസരിച്ച് പ്രവർത്തിക്കുകയും പൊതുസമൂഹത്തിൽ ചീത്തപ്പേര് ഉണ്ടാക്കാതിരിക്കുകയും വേണം. അങ്ങനെയുണ്ടാക്കിയാൽ പാർട്ടി നടപടിയെടുക്കും. മറ്റ് പാർട്ടികളുടെ കാര്യങ്ങൾ ഞങ്ങളെ സ്വാധീനിക്കില്ല. പൊതുരം​ഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് ആദ്യം വേണ്ടത് സദാചാരമാണ്.

പാർട്ടിയുടെ സൽപേരും അന്തസും കാത്തുസൂക്ഷിക്കണം. അതിനെതിരായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. സിപിഎമ്മിന്റെ വിമർശനം കണക്കിലെടുക്കുന്നില്ല. അവരുടെ ഒരുപാട് നേതാക്കൾക്കെതിരെ പരാതിയുണ്ട്. അത് അവരുടെ സംസ്കാരം. പൊതുരം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് മാന്യത വേണം. കെപിസിസി പ്രസിഡന്റുമായി താൻ എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നും നടപടി അദ്ദേഹം പറയുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

രാഹുലിനെതിരെ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. പുറത്താക്കുന്നത് സംബന്ധിച്ച് നേതാക്കൾ ആശയവിനിമയം നടത്തിയെന്നാണ് വിവരം. രാഹുലിനെ പുറത്താക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും കെ. മുരളീധരനുമടക്കമുള്ളവർ. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ കേരളത്തിലെ നേതാക്കളുമായി സംസാരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺ​ഗ്രസ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

TAGS :

Next Story