കേരള കോൺഗ്രസിന്റെ കെ.എം മാണി അനുസ്മരണ വേദിയിൽ ഉദ്ഘാടകനായി കെ.മുരളീധരൻ
യുഡിഎഫ് സർക്കാരിന്റെ കാലത്തെ എല്ലാ നേട്ടങ്ങളുടെയും ഒരു പങ്ക് മാണി സാറിനുള്ളതാണെന്ന് മുരളീധരന്‍ പറഞ്ഞു

തിരുവനന്തപുരം: കെ.എം മാണി അനുസ്മരണ വേദിയിൽ ഉദ്ഘാടകനായി കെ.മുരളീധരൻ. കേരള കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച കെ.എം മാണിയുടെ 93ാം ജന്മദിനാഘോഷ പരിപാടിയിലാണ് കെ. മുരളീധരൻ ഉദ്ഘാടകനായി എത്തിയത്. കേരള കോൺഗ്രസ് (എം) നേതാക്കളും കെ.മുരളീധരനൊപ്പം വേദിയിലെത്തി. കേരള കോൺഗ്രസ് (എം) പട്ടം മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
'യുഡിഎഫ് സർക്കാരിന്റെ കാലത്തെ എല്ലാ നേട്ടങ്ങളുടെയും ഒരു പങ്ക് കെ.എം മാണിക്ക് ഉള്ളതാണെന്ന് കെ.മുരളീധരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.കാരുണ്യ പദ്ധതി നടപ്പിലാക്കിയത് കെ.എം മാണി ആയിരുന്നു. റബ്ബർ കർഷകരുടെ വിഷയം വന്നാൽ കെ.എം മാണിക്ക് ആയിരം നാവായിരുന്നു.കെ.എം മാണിയുടെ അസാന്നിധ്യം വലിയ നഷ്ടമാണ്. കെ.എം മാണിയെ യുഡിഎഫിന്‍റെ മുഖമായി ഇപ്പോഴും കാണുന്നു'. പരിപാടിയിൽ പങ്കെടുത്തതിന് മറ്റ് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങൾ നിലനില്‍ക്കുന്നതിനിടെയാണ് മുരളീധരന്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പരിപാടിയില്‍ പങ്കെടുത്തത്.
Adjust Story Font
16

