വിഴിഞ്ഞം തുറമുഖം: 'മുഖ്യമന്ത്രിയുടെ അവകാശവാദം സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെ'; അധിക്ഷേപിച്ച് കെ മുരളീധരൻ
'യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു'.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായിയുടെ അവകാശവാദമെന്ന് കെ. മുരളീധരൻ പറഞ്ഞു. കെപിസിസി സംവിധാൻ ബച്ചാവോ പൊതുസമ്മേളനത്തിലായിരുന്നു പരാമർശം.
യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു. ഒരു നാണവുമില്ലാതെ യുഡിഎഫ് പദ്ധതികളുടെ പിതൃത്വം പിണറായി ഏറ്റെടുക്കുകയാണ്.
'സന്താനോത്പാദന ശേഷിയില്ലാത്ത ആൾ അയൽവീട്ടിലെ കുട്ടിയോട് ഞാനാണ് അച്ഛൻ എന്ന് പറയുന്നതു പോലെയാണ് പിണറായിയുടെ അവകാശവാദം'- കെ. മുരളീധരൻ വിശദമാക്കി.
അതേസമയം, അധിക്ഷേപത്തിനു പിന്നാലെ ന്യായീകരണവുമായും മുരളീധരൻ രംഗത്തെത്തി. വിമർശനം കടുത്തില്ലെന്നും വ്യക്തിപരമായ അധിക്ഷേപമല്ലെന്നും പറയേണ്ടി വന്നാൽ ഇനിയും പറയുമെന്നും മുരളീധരൻ പറഞ്ഞു.
തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പി.സി വിഷ്ണുനാഥ് രംഗത്തെത്തി. കരുണാകരൻ്റെ കാലത്ത് ആലോചന തുടങ്ങിയ പദ്ധതിയാണെന്നും പിന്നീട് വന്ന മുഖ്യമന്ത്രിമാർ പല കാര്യങ്ങളും ചെയ്തെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഉമ്മൻ ചാണ്ടിയാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. നേരത്തെ തീരുമാനിച്ച പ്രകാരം 2019ലാണ് നിർമാണം പൂർത്തിയാക്കേണ്ടിരുന്നതെന്നും വിഷ്ണുനാഥ്. രാജീവ് ചന്ദ്രശേഖറിന് ഇരിപ്പിടം നൽകിയതുമായി ബന്ധപ്പെട്ട മന്ത്രി മുഹമ്മദ് റിയാസിൻ്റെ വിമർശനത്തിലും എംഎൽഎ പ്രതികരിച്ചു.
അതേക്കുറിച്ച് മന്ത്രി ചോദിക്കേണ്ടത് മുഖ്യമന്ത്രിയോടാണ്. എം.വി ഗോവിന്ദനും കെ. സുധാകരനും സീറ്റ് വേണം എന്ന് ആവശ്യപ്പെടാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചെന്നും പി.സി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
Adjust Story Font
16

