'പ്രതികൂല കാലാവസ്ഥ കാരണം ട്രെയിന്‍ സ്റ്റോപ്പില്‍ എത്തിയിട്ടില്ല'; മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ കെ. മുരളീധരന്‍
'ട്രെയിന്‍ സ്റ്റോപ്പില്‍ എത്തിയാലേ ഇറങ്ങാന്‍ പറ്റൂ. ട്രെയിന്‍ സ്റ്റോപ്പില്‍ എത്തട്ടെ. തീരുമാനം ഹൈക്കമാന്‍ഡ് പറയും'

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടരവേ പ്രതികരണവുമായി കെ. മുരളീധരന്‍. 'പ്രതികൂല കാലാവസ്ഥ കാരണം ട്രെയിന്‍ സ്റ്റോപ്പില്‍ എത്തിയിട്ടില്ല. ഓടുന്ന ട്രെയിനില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല. ട്രെയിന്‍ സ്റ്റോപ്പില്‍ എത്തിയാലേ ഇറങ്ങാന്‍ പറ്റൂ. ട്രെയിന്‍ സ്റ്റോപ്പില്‍ എത്തട്ടെ. തീരുമാനം ഹൈക്കമാന്‍ഡ് പറയും' എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
'തീരുമാനം ഹൈക്കമാന്‍ഡ് പറയും. ഹൈക്കമാന്‍ഡ് എന്ന് തീരുമാനം പറയും എന്ന് അറിയില്ല. ഡല്‍ഹി യാത്രയാണല്ലോ. കാലാവസ്ഥ മോശമാകുമ്പോള്‍ ചിലപ്പോള്‍ ട്രെയിന്‍ വൈകാറുണ്ട്. എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നോട് ഇനി പ്രത്യേകിച്ച് അഭിപ്രായം ചോദിക്കാന്‍ സാധ്യത ഇല്ല. സ്ഥാനത്തിന് വേണ്ടി എന്റെ പേരില്‍ ബോര്‍ഡ് വെക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ കണ്ടാല്‍ അപ്പോഴേ അത് തള്ളിപ്പറയും. പ്രഖ്യാപനം വൈകിയതില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്' -മുരളീധരന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി ആകുമോ എന്ന ചോദ്യത്തിന് തനിക്ക് ഒന്നിലും പ്രത്യേകം താല്‍പര്യം ഇല്ലെന്നായിരുന്നു മറുപടി. വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയി ഇരിക്കുക എന്നതാണ് ഇഷ്ടം. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രം മതിയെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. കഴിഞ്ഞ ദിവസം വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. കേരളത്തില്‍ വി.ഡി സതീശന്‍ അനുകൂല വികാരം ശക്തമാണെന്നാണ് എഐസിസി നിയോഗിച്ച ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച ഏജന്‍സികളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി.ഡി സതീശന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Adjust Story Font
16

