അക്രമം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് കെ. മുരളീധരന്‍; ബോംബേറുണ്ടായ വീട് സന്ദര്‍ശിച്ചു
'ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോണ്‍ഗ്രസിൻ്റെ ബാധ്യത അല്ല. അത് സംസ്ഥാന സര്‍ക്കാരിൻ്റെ ബാധ്യത'

കോഴിക്കോട്: കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് കെ. മുരളീധരന്‍. ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോണ്‍ഗ്രസിന്റെ ബാധ്യത അല്ല. അത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരന്‍ ആരോപിച്ചു. വടകര തിരുവള്ളൂരില്‍ കെഎസ്‍യു ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീട് മുരളീധരന്‍ സന്ദര്‍ശിച്ചു. വീടിന് നേരെ ഇന്ന് പുലര്‍ച്ചെ ബോംബേറുണ്ടായിരുന്നു.
യുഡിഎഫുകാര്‍ക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രി പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു. കനഗോലുവിന്റെ തന്ത്രങ്ങളല്ല, പിണറായിഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വീണാ ജോര്‍ജ് ആരോഗ്യമന്ത്രി എന്ന നിലയില്‍ പരാജയം ആണെങ്കിലും നടിയെന്ന നിലയില്‍ മികച്ച പെര്‍ഫോമന്‍സാണ് നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും വീണാ ജോര്‍ജ് ഇതേ തന്ത്രം പയറ്റിയിരുന്നു. കഴുത്തിനു അസുഖം ഉള്ള മന്ത്രി കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും കോളര്‍ ധരിച്ചിരുന്നു -അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് നടന്‍ മോഹന്‍ലാലിന് പണം കൊടുക്കേണ്ടതുണ്ടെന്നും, ഈ പണം അടുത്തതായി അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ കൊടുക്കേണ്ട അവസ്ഥയാണെന്നും മുരളീധരന്‍ പറഞ്ഞു.
Adjust Story Font
16

