Quantcast

സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ?; കണ്ണൂരിൽ നിർണായക നീക്കങ്ങൾ

ടി.ഒ മോഹനനെയാണ് കോൺ​ഗ്രസ് കണ്ണൂരിൽ സ്ഥാനാർഥിയായി പരി​ഗണിക്കുന്നത്

MediaOne Logo

Web Desk

  • Published:

    19 March 2026 11:14 AM IST

സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ?; കണ്ണൂരിൽ നിർണായക നീക്കങ്ങൾ
X

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ സ്വപ്‌നം കണ്ട കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി കെ.സുധാകരന്റെ നീക്കങ്ങൾ. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കടുത്ത നിലപാട് സ്വീകരിച്ചതോടെ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കത്തിലാണ് സുധാകരൻ എന്നാണ് വിവരം. ഒരാൾക്ക് ഇളവ് കൊടുത്താൽ കൂടുതൽ എംപിമാർ സമാനമായ ആവശ്യവുമായി രംഗത്തുവരും. അതുകൊണ്ട് ആർക്കും വഴങ്ങേണ്ടതില്ല എന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

അതേസമയം തന്നെ പൂർണമായും അവഗണിച്ചുവെന്ന വികാരമാണ് സുധാകരനുള്ളത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വിളിച്ച് സുധാകരൻ 'ഗുഡ് ബൈ' പറഞ്ഞതായാണ് വിവരം. സുധാകരൻ ഇടഞ്ഞാൽ കണ്ണൂരിൽ യുഡിഎഫിന് വലിയ തിരിച്ചടിയാകും എന്ന മുന്നറിയിപ്പാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. സുധാകരൻ പ്രതികാരം ചെയ്യാൻ തീരുമാനിച്ചാൽ അത് കണ്ണൂരിൽ മാത്രം ഒതുങ്ങില്ലെന്നും പേരാവൂർ, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളിലും യുഡിഎഫ് പരാജയപ്പെടുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

കണ്ണൂരിൽ സുധാകരന് താത്പര്യമുള്ള ആളെ പരിഗണിക്കാമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. സംസ്ഥാന വ്യാപകമായി 15 പേരുകളാണ് പരിഗണിക്കാനായി സുധാകരൻ നൽകിയത്. എന്നാൽ കണ്ണൂരിൽ ആരുടെയും പേര് നിർദേശിക്കാൻ സുധാകരൻ തയ്യാറായില്ല. പിന്നീട് അദ്ദേഹം റിജിൽ മാക്കുറ്റിയുടെയും അമൃത രാമകൃഷ്ണന്റെയും പേര് നിർദേശിച്ചെങ്കിലും നേതൃത്വം അംഗീകരിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. ടി.ഒ മോഹനനെയാണ് നേതൃത്വം ഇപ്പോൾ കണ്ണൂരിൽ പരിഗണിക്കുന്നത്. സുധാകരന് കടുത്ത എതിർപ്പുള്ള നേതാവാണ് ടി.ഒ മോഹനൻ. നേരത്തെ പട്ടിക തയ്യാറാക്കിവെച്ച് സുധാകരനെ അപമാനിക്കുകയാണ് നേതൃത്വം ചെയ്യുന്നത് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

സ്വതന്ത്രനായി മത്സിക്കുകയാണെങ്കിൽ സുധാകരനെ ബിജെപി പിന്തുണയക്കുമെന്നും സൂചനയുണ്ട്. സുധാകരന് താത്പര്യമുണ്ടെങ്കിൽ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് കണ്ണൂരിലെ ബിജെപി സ്ഥാനാർഥി സി.രഘുനാഥ് പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസിന്റെ മുഖമായ സുധാകരനെ വി.ഡി സതീശനും കെ.സി വേണുഗോപാലും അവഗണിക്കുകയാണെന്നും രഘുനാഥ് ആരോപിച്ചു.

TAGS :

Next Story