Quantcast

പിണറായി മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി; വൈകിയ വേളയിലെങ്കിലും കൊടു ക്രൂരതകൾക്ക് മാപ്പ് പറയണം: കെ. സുധാകരൻ

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ സമാനതകളില്ലാത്ത വേട്ടയാടലാണ് സി.പി.എം നടത്തിയതെന്ന് സുധാകരൻ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    27 July 2023 5:32 AM GMT

K Sudhakaran says Pinarayi hunt Oommen chandy
X

തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വന്യമായ രീതിയിൽ വേട്ടയാടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഉമ്മൻ ചാണ്ടിയെ ആരും വേട്ടയാടിയിട്ടില്ലെന്നു പ്രചരപ്പിച്ച് സി.പി.എം ഉന്നതനേതാക്കൾ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സി.പി.എം വേട്ടയാടിയ കാര്യങ്ങൾ തുറന്നു പറയാൻ താൻ നിർബന്ധിതനാവുന്നതെന്ന് സുധാകരൻ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം:

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വന്യമായ രീതിയില്‍ വേട്ടയാടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഉമ്മന്‍ ചാണ്ടിയെ ആരും വേട്ടയാടിയിട്ടില്ലെന്നു പ്രചരപ്പിച്ച് സിപിഎം ഉന്നതനേതാക്കള്‍ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം വേട്ടയാടിയ കാര്യങ്ങള്‍ തുറന്നു പറയാന്‍ താന്‍ നിര്‍ബന്ധിതനാവുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

സിപിഎം നല്കിയ കോടികളുടെയും രാഷ്ട്രീയാഭയത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിയുയര്‍ത്തിയ നീര്‍ക്കുമിള മാത്രമായിരുന്നു സോളാര്‍ കേസ്. അതിന്റെ പേരില്‍ കേരളത്തില്‍ നടന്ന അതിക്രമങ്ങളും പ്രക്ഷോഭനാടകങ്ങളും ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഉമ്മന്‍ ചാണ്ടിയെ സഭയിലും പുറത്തും വ്യക്തിപരമായി തൊലിയുരിച്ചതിന് കയ്യും കണക്കുമുണ്ടോ? വിഎസ് അച്യുതാന്ദന്‍ നടത്തിയ നിന്ദ്യമായ പ്രയോഗങ്ങള്‍ കേരളീയ സമൂഹത്തിന് മറക്കാനാകുമോ? എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗത്തിലാണ് അച്ചുതാനന്ദന്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനെതിരെ ഹീനമായ അധിക്ഷേപം നടത്തിയത്. സിപിഎം അംഗങ്ങള്‍ നിയമസഭയുടെ ഡസ്‌ക്കിലടിച്ച് ഇതിനെ പ്രോത്സാഹിപ്പിച്ചു.

2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം സോളാറായിരുന്നു. യുഎന്‍ അവാര്‍ഡ് വരെ നേടിയ ജനകീയനായ ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താന്‍ സിപിഎം കണ്ടെത്തിയ മാരകായുധമായിരുന്നു സോളാര്‍. കേരളം മുഴുവന്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ നിറച്ചു. 2016ല്‍ അധികാരമേറ്റശേഷവും പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ തുടര്‍ച്ചയായി വേട്ടയാടി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വരെ ശ്രമിച്ചു.

2017 ഒക്ടോബര്‍ 11ന് വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ സോളാറില്‍ കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്യാനാണ് പിണറായി വിജയന്‍ ഉത്തരവിട്ടത്. ഉമ്മന്‍ ചാണ്ടി മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ പോലും തയാറായില്ല. ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മാറിമാറി അന്വേഷിപ്പിച്ചിട്ടും പിണറായിക്കൊരു ചുക്കും ചെയ്യാനായില്ല. തുടര്‍ന്നാണ് സോളാര്‍ കേസിലെ പ്രധാന തട്ടിപ്പുകാരിയും 48 കേസുകളിലെ പ്രതിയുമായ വനിതയെ വിളിച്ചുവരുത്തി വ്യാജപരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ കേസിന്റെ പേരില്‍ സിബിഐ അന്വേഷണം നടത്താന്‍ 2021 ജനുവരി 24ന് പിണറായി വിജയന്റെ മന്ത്രിസഭ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് 2021 ഏപ്രില്‍ 6നും.

2019 സെപ്റ്റംബര്‍ 23ന് പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ടുമുമ്പ് സെപ്റ്റംബര്‍ 3ന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട ടൈറ്റാനിയം കേസ് പിണറായി വിജയന്‍ സിബിഐക്കു വിട്ടു. ഇന്റര്‍പോളിന്റെ സഹായത്തോടെ സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. പ്രാഥമികാന്വേഷണത്തില്‍ കഴമ്പില്ലെന്നു കണ്ട് കേസ് ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചു. പൊതുതെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, ഉപതെരഞ്ഞെടുപ്പുകളില്‍പ്പോലും ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷം ഭയപ്പെട്ടു..

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഉള്‍പ്പെട്ട പാമോയില്‍ കേസ് 2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്ന് അധികാരത്തിലേറിയ വിഎസ് സര്‍ക്കാര്‍ അതു വീണ്ടും കുത്തിപ്പൊക്കി. വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2011 മാര്‍ച്ചില്‍ വിജിലന്‍സ് കോടതി കേസ് റീ ഓപ്പണ്‍ ചെയ്തപ്പോള്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ ആയിരുന്നു. ഈ കേസില്‍ അന്നുവരെ സാക്ഷിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി കേസ് പുനരന്വേഷിച്ചപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായിട്ട് മൂന്നുമാസം പോലുമായിരുന്നില്ല. അന്ന് ഉമ്മന്‍ ചാണ്ടിയുടെ രാജിക്ക് മുറവിളി കൂട്ടിയവരാണ് സിപിഎം. ഏറെ നാളുകള്‍ക്കു ശേഷമാണ് ഈ കേസ് തെളിവില്ലാതെ അവസാനിപ്പിച്ചത്.

2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റതിനെ തുടര്‍ന്നാണ് തിരുവനന്തപുരം പാറ്റൂരില്‍ 15 സെന്റ് ഭൂമിയുടെ കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്ന വിജിലന്‍ കേസ് ഉത്ഭവിച്ചത്. ഉമ്മന്‍ ചാണ്ടിയെ ഈ കേസില്‍ നാലാം പ്രതിയാക്കി. ഹൈക്കോടതി ഈ കേസിലെ എഫ്ഐആറടക്കം റദ്ദാക്കിയെങ്കിലും വിഎസ് അച്യുതാന്ദന്‍ കേസ് തുടര്‍ന്നു. 2021ല്‍ ആണ് കോടതി കേസ് തള്ളിയത്. ഈ വിവാദൂമിയില്‍ ഇന്ന് ഒരു വമ്പന്‍ മള്‍ട്ടിപ്ലക്സ് സ്ഥിതിചെയ്യുന്നു.

ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ ചാണ്ടി ഇല്ലായിരുന്നെങ്കിലും കെ എം മാണിയെ സിപിഎം ആരോപണങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് വിയര്‍പ്പൊഴുക്കേണ്ടി വന്നു. നിയമസഭയില്‍ നടന്ന നാണംകെട്ട സംഭവങ്ങളും കെ.എം.മാണിക്കെതിരായ വേട്ടയാടലുകളുമെല്ലാം നിലനില്ക്കെ കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെടുത്ത് സിപിഎം രാഷ്ട്രീയധാര്‍മികതയില്‍ ആണിക്കല്ലും അടിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞത് 2013 ഒക്ടോബര്‍ 27നാണ്. സി കൃഷ്ണന്‍ എംഎല്‍എ, കെ കെ നാരായണ്‍ മുന്‍എംഎല്‍എ തുടങ്ങിയവര്‍ ഒന്നും രണ്ടും പ്രതികളായ കേസിലെ 113 പ്രതികളും സിപിഎമ്മുകാരാണ്. ഒന്നും രണ്ടും പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്നു മൊഴി നല്കി ഉമ്മന്‍ ചാണ്ടി അവരെ സംരക്ഷിച്ചു എന്നത് ഉമ്മന്‍ ചാണ്ടിയുടെ മഹത്വം.

2400 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. അധികാരത്തില്‍ വന്ന ശേഷം ഉളുപ്പില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോലും ഒരു രൂപ അദാനിയില്‍നിന്ന് സംഭാവന വാങ്ങാന്‍ മടിച്ച ഉമ്മന്‍ ചാണ്ടിക്കെതിരേയാണ് പിണറായി വിജയന്‍ അഴിമതി ആരോപിച്ചതെന്ന് ഓര്‍ക്കുന്നതു നല്ലതാണ്.

ഉമ്മന്‍ ചാണ്ടിയോടു കാട്ടിയ സമാനതകളില്ലാത്ത കൊടും ക്രൂരതകള്‍ക്ക് വൈകിയ വേളയിലെങ്കിലും പിണറായി വിജയന്‍ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു

TAGS :

Next Story