കെ. സുധാകരൻ കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

സുധാകരൻ ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല അംബേദ്കറെ അവഹേളിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-11-14 14:47:21.0

Published:

14 Nov 2022 2:44 PM GMT

കെ. സുധാകരൻ കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നെഹ്റുവിനെ ചാരി തന്റെ വർഗ്ഗീയ മനസ്സിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ പി സി സി പ്രസിഡന്റ് കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർ എസ് എസിനെ വെള്ളപുശുന്നതിൽ എന്ത് മഹത്വമാണ് സുധാകരൻ കാണുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. തികഞ്ഞ മതേതരവാദിയായിരുന്നു നെഹ്‌റു. ആർഎസ്എസിനെ നാസി സ്വഭാവമുള്ള സംഘടന എന്നാണ് നെഹ്‌റു വിശേഷി്പ്പിച്ചത്. സുധാകരൻ ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല അംബേദ്കറെ അവഹേളിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ് എസിന് സന്തോഷമുണ്ടാക്കുക എന്നത് കോൺഗ്രസ് നയമാണോ എന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

നെഹ്റുവിനെ ചാരി തന്റെ വർഗ്ഗീയ മനസ്സിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ പി സി സി പ്രസിഡന്റ് കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണ്. 'വർഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു ജവഹർലാൽ നെഹ്‌റുവിന്റേതെ'ന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞത്. അതും രാജ്യം ജവഹർലാൽ നെഹ്റുവിനെ സ്മരിക്കുന്ന ശിശുദിനത്തിൽ. ആർ എസ് എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്?

തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്റു. 1947 ഡിസംബർ 7-ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ, ആർ എസ് എസ് ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: ''ആർ.എസ്.എസ്. ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീർച്ചയായും കർശനമായ നാസി സ്വഭാവമാണ് തുടരുന്നത്.' മറ്റൊരു കത്തിൽ, ആർഎസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളിൽ അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി 5-നു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ:

' ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാർ അവരുടെ സെല്ലുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മൾ അതിനെ അടിച്ചമർത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം.' എന്നാണ് നെഹ്റു എഴുതിയത്.

ആർട്ടിക്കിൾ 370 നെ എതിർത്ത് 1953 ൽ കശ്മീരിൽ പ്രവേശിക്കവേ ശ്യാമ പ്രസാദ്മുഖർജി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റു ആയിരുന്നു എന്ന ചരിത്ര വസ്തുത പോലും ഒരു സംസ്ഥാനത്തെ കോൺഗ്രസ്സിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതകരമാണ്.

കോൺഗ്രസ്സിൽ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വർഗീയ വാദികളും ആർഎസ്എസ് പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മർദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയ കോൺഗ്രസ്സ് നടപടിയിൽ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്? ശ്യാമ പ്രസാദ് മുഖർജിയെയും ഡോക്ടർ അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണ്.

തനിക്കു തോന്നിയാൽ ബിജെപിയിൽ പോകുമെന്നും ആളെ അയച്ച് ആർഎസ്എസ് ശാഖയ്ക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ ജവഹർലാൽ നെഹ്രുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാർത്ഥ കോൺഗ്രസ്സുകാർക്കുണ്ട്.

ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികൾ വർഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആർ എസ് എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്രുവാണ്. ആ നെഹ്റുവിനെ ആർ എസ് എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാൽ സന്തോഷിക്കുന്നത് ആർ എസ് എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോൺഗ്രസ്സിന്റെ നയം എന്ന് അവർ തന്നെ വ്യക്തമാക്കണം.

TAGS :

Next Story