മുന്നറിയിപ്പില്ല, വെളിച്ചവുമില്ല; റോഡരികില്‍ ലോറിയുടെ അനധികൃത പാര്‍ക്കിങ്, എൻഎച്ച്എഐക്ക് ഗുരുതര അനാസ്ഥ
ഇതിനൊപ്പം കാറിൻ്റെ അമിതവേഗതയും കൂടിയായപ്പോള്‍ അപകടത്തിൻ്റെ ആഘാതം പതിന്മടങ്ങായി

തൃശൂര്‍: കൈപ്പമംഗലം പനമ്പിക്കുന്നില്‍ ദേശീയപാതയില്‍ ഏഴ് വിദ്യാര്‍ഥികളടക്കം എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ചത് ദേശീയപാത അധികൃതരുടെ അനാസ്ഥതയും അനധികൃത ലോറി പാര്‍ക്കിങ്ങും. ഇതിനൊപ്പം കാറിന്റെ അമിതവേഗതയും കൂടിയായപ്പോള്‍ അപകടത്തിന്റെ ആഘാതം പതിന്മടങ്ങായി. ഇന്നലെ രാത്രി 12 മണിയോടെയുണ്ടായ അപകടത്തില്‍ തമിഴ്നാട്ടിലെ ഡിണ്ടിഗലിലെ പിഎസ്എന്‍എസ് എന്‍ജിനീയറിങ് കോളജിലെ ഏഴ് വിദ്യാര്‍ഥികളും ഡ്രൈവറുമാണ് മരിച്ചത്.
ഗുരുവായൂരില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് അപകടം. പനമ്പിക്കുന്നില്‍ മൂന്നുപീടിക വരെ മാത്രമേ ദേശീയപാതയിലൂടെ വാഹനങ്ങള്‍ പോകുകയുള്ളൂ. പണി നടക്കുന്നതിനാല്‍ ഇവിടെ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങി വേണം സഞ്ചരിക്കാന്‍. ഈ സ്ഥലത്താണ് ദേശീയപാതയില്‍ ലോറി നിര്‍ത്തിയിട്ടിരുന്നത്. അതിവേഗത്തിലെത്തിയ കാര്‍ സര്‍വീസ് റോഡിലേക്ക് ഇറങ്ങാന്‍ സാധിക്കാതെ നേരെ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ അമിതവേഗത്തിലായിരുന്നെന്ന് പൊലീസും പറയുന്നു.
പണി നടക്കുന്ന ദേശീയപാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങി സഞ്ചരിക്കണമെന്ന നിര്‍ദേശം നല്‍കുന്ന കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥലത്ത് സ്ഥാപിച്ചിട്ടില്ല. പകരം കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ റോഡിലേക്ക് നീക്കിയിടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിനരികിലായാണ് മൂന്ന് ലോറികള്‍ നിര്‍ത്തിയിട്ടത്. സ്ഥലത്ത് തെരുവുവിളക്കുകളും ഉണ്ടായിരുന്നില്ല. അതിനാല്‍ പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് റോഡില്‍ നിന്ന് ഇറങ്ങി പോകണമെന്ന് പെട്ടെന്ന് മനസിലാകില്ല. രണ്ടാഴ്ച മുമ്പും ഇവിടെ റോഡിലേക്ക് ഇറക്കിയിട്ട കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
നിര്‍ത്തിയിട്ട ലോറിയുടെ ഡ്രൈവര്‍ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. മറ്റ് രണ്ട് ലോറികള്‍ സ്ഥലംവിടുകയും ചെയ്തു. ഈ ഡ്രൈവര്‍മാരാണ് അപകടവിവരം പൊലീസില്‍ വിളിച്ചറിയിച്ചത്. ലോറിക്ക് പിന്നിലിടിച്ച് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു കാര്‍. വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമായിരുന്നു ജീവന്റെ നേരിയ മിടിപ്പുണ്ടായിരുന്നത്. എന്നാല്‍, ആശുപത്രിയിലെത്തും മുമ്പ് ഇയാളും മരിച്ചു.
ഡിണ്ടിഗല്‍ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), മധുര സ്വദേശികളായ പ്രസന്ന, സന്തോഷ് (20), സേലം സ്വദേശിയായ വിശ്വം (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അഞ്ച് പേരും വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങളെല്ലാം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Adjust Story Font
16

