Quantcast

"നഗരസഭയുടെ ഭീഷണി കാരണമാണ് പോയത്, പ്രതികാര നടപടി തന്നെ": കാണാതായ ദമ്പതികളെ തലശേരിയിൽ തിരിച്ചെത്തിച്ചു

"തങ്ങളുടെ സ്ഥാപനം ഒരു നിയമവും തെറ്റിച്ചിട്ടില്ല, വ്യവസായമന്ത്രി പി.രാജീവ് മാത്രമാണ് സഹായിച്ചത്"

MediaOne Logo

Web Desk

  • Updated:

    2022-08-26 05:49:39.0

Published:

26 Aug 2022 5:32 AM GMT

നഗരസഭയുടെ ഭീഷണി കാരണമാണ് പോയത്, പ്രതികാര നടപടി തന്നെ: കാണാതായ ദമ്പതികളെ തലശേരിയിൽ തിരിച്ചെത്തിച്ചു
X

തലശേരി : തലശേരിയിൽ കാണാതായ സംരംഭക ദമ്പതികളെ തിരിച്ചെത്തിച്ചു. രാവിലെ പത്തോടെയാണ് ശ്രീവിദ്യ-രാജ് കബീർ ദമ്പതികളെ തിരിച്ചെത്തിച്ചത്.

നഗരസഭയുടെ ഭീഷണി കാരണമാണ് പോയതെന്നും അവരുടേത് പ്രതികാര നടപടിയെന്നും രാജ് കബീർ പ്രതികരിച്ചു. തങ്ങളുടെ സ്ഥാപനം ഒരു നിയമവും തെറ്റിച്ചിട്ടില്ലെന്നും വ്യവസായമന്ത്രി പി.രാജീവ് മാത്രമാണ് സഹായിച്ചതെന്നും രാജ് കബീർ കൂട്ടിച്ചേർത്തു.

ഒരു മാസം മുന്പ് ഇവരുടെ വ്യവസായ യൂണിറ്റ് തലശേരി നഗരസഭ അടച്ചുപൂട്ടിയിരുന്നു. ഇതിനെത്തുടർന്ന് തലശേരി നഗരസഭക്കെതിരെ കത്തെഴുതി വെച്ചശേഷമാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും കാണാതാകുന്നത്.പതിനെട്ട് വർഷത്തോളമായി തലശ്ശേരി നഗരസഭയ്ക്ക് കീഴിലുള്ള കല്ലിക്കലെ മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ ഇരുവരും ചേർന്ന് ഫർണിച്ചർ സ്ഥാപനം നടത്തി വരികയായിരുന്നു. ഇവിടെ സ്ഥലം കയ്യേറി എന്നാരോപിച്ചാണ് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് 2021ൽ നഗരസഭ ഇവർക്ക് കത്തു നൽകുന്നത്. അല്ലെങ്കിൽ നാല് ലക്ഷത്തിലധികം രൂപ പിഴയൊടുക്കണമെന്നും നിർദേശം നൽകി.

തുടർന്ന് ഇതിനെതിരെ ഇരുവരും കോടതിയെ സമീപിച്ചു. നടപടികൾ തുടരവേ ഒരു മാസം മുമ്പ് ഇവരുടെ സ്ഥാപനം നഗരസഭ പൂട്ടുകയും ഇവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനിടയിലാണ് കഴിഞ്ഞ 19ാം തീയതി ഇവർക്കനുകൂലമായി ഹൈക്കോടതിയിൽ നിന്ന് വിധി വരുന്നത്. നാല് ലക്ഷത്തിലധികം രൂപ പിഴ നാല്പ്പത്തിയൊന്നായിരം രൂപയായി ഹൈക്കോടതി കുറച്ചു കൊടുക്കുകയും സ്ഥാപനം തുറന്നു കൊടുക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തു. കോടതി ഉത്തരവുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ നഗരസഭയുടെ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും കോടതി വിധി മാനിക്കാൻ നഗരസഭാധികൃതർ തയ്യാറായില്ല. എന്തെങ്കിലും കാരണം കാട്ടി സ്ഥാപനം പൂട്ടിക്കുമെന്ന് ചില ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.

ഇതോടു കൂടി ഇരുവരും കടുത്ത മാനസിക സമ്മർദത്തിലായി. തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോട് കൂടി ഇരുവരും വീട് വിട്ടിറങ്ങുകയായിരുന്നു. പോകുന്നതിന് മുമ്പ് നഗരസഭ പീഡിപ്പിക്കുന്നുവെന്നും വ്യവസായവുമായി മുന്നോട്ടു പോകാൻ തോന്നുന്നില്ലെന്നും തങ്ങളെ അന്വേഷിക്കേണ്ടെന്നും സുഹൃത്തുക്കൾക്ക് വാട്‌സ്ആപ്പ് സന്ദേശവുമയച്ചു. തങ്ങളുടെ തിരോധാനത്തിന് പിന്നിൽ നഗരസഭയാണെന്നും സന്ദേശത്തിലുണ്ടായിരുന്നു.

TAGS :

Next Story