ഇന്ന് കര്‍ക്കിടക വാവ്; ബലിതര്‍പ്പണം വീടുകളില്‍ മാത്രം
ചില ക്ഷേത്രങ്ങളിൽ ഓൺലൈനിൽ ചടങ്ങുകൾ നടത്താൻ സൗകര്യം ഏർപ്പെടുത്തി

പിതൃസ്മരണയുമായി ഇന്ന് കർക്കിടക വാവ്. കോവിഡ് സാഹചര്യത്തിൽ പുണ്യതീർത്ഥ കേന്ദ്രങ്ങളിൽ ഇത്തവണയും ബലിതർപ്പണം ഇല്ല. വ്രതാനുഷ്ഠാനങ്ങൾ പാലിച്ചു വീടുകളിൽ തന്നെ ബലിയിടാനാണ് നിർദ്ദേശം. ഉച്ചവരെ പിതൃകർമ്മങ്ങൾ നടത്താം. ചില ക്ഷേത്രങ്ങളിൽ ഓൺലൈനിൽ ചടങ്ങുകൾ നടത്താൻ സൗകര്യം ഏർപ്പെടുത്തി.
പിതൃമോക്ഷം തേടി പതിനായിരങ്ങൾ എത്തുന്ന മലപ്പുറം തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ഇത്തവണയും കർക്കടക വാവ് ബലിയില്ല. കോവിഡ് വ്യാപനത്തിന്‍റെ പാശ്ചാത്തലത്തിൽ ബലിതർപ്പണ ചടങ്ങുകൾ വേണ്ടതില്ല എന്ന മലബാർ ദേവസ്വം ബോർഡ് തീരുമാനപ്രകാരമാണ് നടപടി. അതേസമയം പിതൃമോക്ഷ പൂജകളും വഴിപാടുകളും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
പതിനായിരങ്ങള്‍ പിതൃതര്‍പ്പണത്തിന് എത്തിയിരുന്ന സംസ്ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രമാണ് മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. ത്രിമൂർത്തികളുടെ സംഗമ സ്ഥാനമെന്ന നിലയിൽ പിതൃ മോക്ഷത്തിന് പേരുകേട്ട ക്ഷേത്രം കൂടിയാണ് ഇവിടം. എന്നാൽ കഴിഞ്ഞ വർഷം പോലെ ഇത്തവണയും നാവാ മുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാകില്ല. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആളുകൾ കൂടുന്നതും തീർത്ഥഘട്ടങ്ങളില്‍ ബലിയിടുന്നതും പാടില്ലെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് മലബാർ ദേവസ്വ ബോർഡ് തീരുമാനം.
സാധാരണ ഗതിയിൽ പതിനായിരക്കണക്കിന് ഭക്തരാണ് തിരുനാവായ ക്ഷേത്രത്തിൽ ബലി തർപ്പണ ചടങ്ങുകൾക്ക് എത്താറുള്ളത്. ഇതിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്താറുണ്ട്. ഇത്തവണ പക്ഷേ ക്ഷേത്രവും പരിസരവും വിജനമാണ്. എങ്കിലും പിതൃമോക്ഷ പൂജകളും വഴിപാടുകളും ക്ഷേത്രത്തിൽ നടക്കും.
Adjust Story Font
16

