ഡിജിറ്റൽ അറസ്റ്റില്‍ കുടുങ്ങി ബിജെപി എംപിയുടെ ഭാര്യ; നഷ്ടമായ 14 ലക്ഷം രൂപ തിരിച്ചുപിടിച്ച് പൊലീസ്
ആഗസ്റ്റ് 26 നാണ് വിഡിയോ കോൾ വഴി തട്ടിപ്പുകാർ പ്രീതിയുമായി ബന്ധപ്പെട്ടത്

മംഗളൂരു:മുംബൈ സൈബർ ക്രൈം ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയവരുടെ തട്ടിപ്പിന് ഇരയായി ചിക്കബെല്ലാപൂർ ബിജെപി എംപിയും കർണാടക മുൻ മന്ത്രിയുമായ ഡോ. കെ. സുധാകറിന്റെ ഭാര്യ ഡോ. പ്രീതി. തട്ടിയെടുത്ത 14 ലക്ഷം രൂപ പിന്നീട് പൊലീസ് ഇടപെടലിലൂടെ തിരിച്ചു പിടിച്ചു.
വിദേശത്ത് നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളുമായി ഡോ. പ്രീതിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടന്നത്. അതിർത്തി കടന്നുള്ള കള്ളപ്പണം വെളുപ്പിക്കലിൽ ഡോ.പ്രീതിയുടെ സ്വകാര്യ രേഖകൾ ദുരുപയോഗം ചെയ്തതായി തട്ടിപ്പുകാര്‍ ആരോപിച്ചു. നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ആഗസ്റ്റ് 26 നാണ് വിഡിയോ കോൾ വഴി തട്ടിപ്പുകാർ പ്രീതിയുമായി ബന്ധപ്പെട്ടത്. അനുസരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 45 മിനിറ്റിനുള്ളിൽ പണം തിരികെ നൽകുമെന്ന് ഉറപ്പുനൽകി. വെരിഫിക്കേഷനായി ഫണ്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പ്രീതി 14 ലക്ഷം രൂപ അയക്കുകയും ചെയ്തു.
പണം ലഭിച്ചയുടനെ തട്ടിപ്പുകാർ അപ്രത്യക്ഷരായി. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഡോ. പ്രീതി ബംഗളൂരുവിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയതു.യഥാസമയം പരാതി നൽകിയതിനാൽ ഉദ്യോഗസ്ഥർക്ക് 14 ലക്ഷം രൂപ മുഴുവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. സൈബർ തട്ടിപ്പ് ശൃംഖലയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Adjust Story Font
16

