Quantcast

എഫ്‌സിആർഐ: ന്യൂനപക്ഷസ്ഥാപനങ്ങൾക്ക് നേരെ കോടാലി ഓങ്ങുന്നുവെന്ന് കെ.സി വേണുഗോപാൽ എംപി

വിദേശ സംഭാവനകൾ ഉപയോഗിച്ച് ഉണ്ടാകുന്ന സ്വത്തുക്കളിൽ സർക്കാരിന് കൂടുതൽ നിയന്ത്രണാധികാരം നൽകുന്നതാണ് എഫ്സിആർഎ ഭേദഗതി ബിൽ

MediaOne Logo
KC VENUGOPAL
X

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആർഐ) നിയമ ഭേദഗതി ബിൽ ഭണഘടനാ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇതു ന്യൂനപക്ഷ സ്ഥാപനങ്ങൾ ഏറ്റെടുക്കാനുള്ള ഫാസിസ്റ്റ് നടപടിയാണ്. കേന്ദ്രസർക്കാരിൽ അനിയന്ത്രിതമായ അമിതാധികാരം അടിച്ചേൽപ്പിക്കുകയാണ്. വിദേശ സംഭാവനകൾ ഉപയോഗിച്ച് ഉണ്ടാകുന്ന സ്വത്തുക്കളിൽ സർക്കാരിന് കൂടുതൽ നിയന്ത്രണാധികാരം നൽകുന്നതാണ് എഫ്സിആർഎ ഭേദഗതി ബിൽ.

വിദേശ ഫണ്ട് ചെറിയൊരു ഭാഗമായാലും മുഴുവൻ ആസ്തിയും അധികാരിക്ക് കൈമാറണം. അതായത് ഒരു സ്‌കൂൾ, ആശുപത്രി, ഓഫീസ് കെട്ടിടം തുടങ്ങിയവയിൽ ചെറിയൊരു വിദേശ സംഭാവന മാത്രമുണ്ടെങ്കിലും മുഴുവൻ ആസ്തിയും അപകടത്തിലാകും. പുതുക്കൽ, വൈകിപ്പിക്കൽ തന്നെ ആയുധമാകാം. നിർദിഷ്ട സമയത്തിനുള്ളിൽ പുതിയ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം താൽക്കാലിക ഏറ്റെടുക്കൽ സ്ഥിരമായി മാറാം. ലൈസൻസ് വൈകിപ്പിച്ച് ആസ്തി കൈവശപ്പെടുത്തുന്നതിനുള്ള എല്ലാ സാധത്യതകളും തുറന്നിട്ടിരിക്കുന്നു. വിദേശ സംഭാവന സ്വീകരിക്കുന്ന ഏജൻസികളുടെയും ന്യൂനപക്ഷങ്ങളുടെയും ആസ്തികൾക്ക് വൻഭീഷണി ഉയർത്തുന്നതാണ് ഈ ബിൽ.

പൊതുതാത്പര്യം എന്നു പറഞ്ഞ് സർക്കാരിനു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാം. അതിനായി വ്യക്തമായ നിയമപരമായ സംരക്ഷണോപാധികൾ പോലും ബില്ലിൽ ഇല്ല. സ്ഥാപനം നിർമിച്ചവർക്കോ അവരുടെ പേരിൽ പ്രവർത്തിക്കുന്നവർക്കോ ഏറ്റെടുക്കപ്പെട്ടവ തിരികെ വാങ്ങാൻ പാടില്ല. ഇതോടെ സ്ഥാപനം പണിതവരെ പുറത്താക്കുകയും മണ്ണുംചാരി നിന്നവർ സ്ഥാപനം കൈക്കലാക്കുകയും ചെയ്യുന്നു.

ജനാധിപത്യപരമായ എതിർ ശബ്ദങ്ങളെ അടിച്ചമർത്താനും പൗരസമൂഹ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണ് ഈ നടപടി. ബിജെപിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ ന്യൂനപക്ഷ സന്നദ്ധസംഘടനകളെ മുക്കുകയറിടാനുള്ള നീക്കമാണ് ഈ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യം. അതേസമയം സർക്കാരിന് താത്പര്യമുള്ള സന്നദ്ധ സംഘടനകൾക്ക് ഇളവുകൾ അനുവദിക്കുന്ന പഴുതുകളും നിയമഭേദഗതിയിലുണ്ട്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരെ ഉന്നംവെച്ചുള്ള നിഗൂഢമായ നീക്കമാണിത്. ന്യൂനപക്ഷ സമുദായ സംഘടനകൾ ജീവകാരുണ്യ രംഗത്തും സാമൂഹിക, ജനസേവന, വിദ്യാഭ്യാസ രംഗത്തും നടത്തുന്ന സേവനങ്ങളെ പരിമിതപ്പെടുത്താൻ മാത്രമെ ഈ നടപടികൊണ്ട് കഴിയൂ. ഇതിനെ പാർലമെന്റിനകത്തും പുറത്തും ശക്തമായി എതിർക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

TAGS :

Next Story