Quantcast

'മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?': കെ.സി വേണുഗോപാൽ

ഹരിയാന കോഴയാരോപണത്തെ നിയമപരമായി നേരിടുമെന്ന് കെ.സി വേണുഗോപാൽ

MediaOne Logo

Web Desk

  • Updated:

    2026-03-29 11:48:22.0

Published:

29 March 2026 3:29 PM IST

മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?: കെ.സി വേണുഗോപാൽ
X

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ. മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് വേണുഗോപാൽ ചോദിച്ചു.

ട്വന്റി-20യെ ഇടനിലക്കാരനാക്കി സിപിഎം ബിജെപിയുമായി ഡീൽ നടത്തികൊണ്ടിരിക്കുകയാണ്. വ്യക്തമായ സൂചനകൾ നൽകിയാണ് തങ്ങൾ ആരോപണം ഉന്നയിക്കുന്നത്. ബിജെപിയും കോൺ​ഗ്രസും തമ്മിലാണ് ഡീലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ആര് വിശ്വസിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം മയിൽപ്പീലി തല്ലാണെന്ന് പറഞ്ഞ അദ്ദേഹം വർ​ഗീയ സംഘടനയുമായി കോൺ​ഗ്രസ് ബന്ധപ്പെടാറില്ലെന്നും കൂട്ടിചേർത്തു.

ചോദ്യം ചോദിക്കാൻപോലും അനുവദിക്കാത്ത ആളാണ് മുഖ്യമന്ത്രി. പാർട്ടി പ്രവർത്തകരോട് വീട്ടിൽ പോയി ചോദിക്കാൻ പറയും. മാധ്യമപ്രവർത്തകരോട് പുറത്തുപോകാൻ പറയും. ഈ അസഹിഷ്ണുതയുള്ള ആളാണ് കേരളത്തെ നയിക്കാൻ പോകുന്നുവെന്ന് പറയുന്നത്. ജനം മുഴുവൻ എതിരാണെന്ന് മനസിലാക്കിയതിലെ അസഹിഷ്ണുതയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ഹരിയാനയിലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തിന് കോൺഗ്രസ് കോഴ വാങ്ങിയെന്ന ആരോപണം ഗുരുതരമെന്ന് മുഖ്യമന്ത്രിയുടെ വിമർശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണമാണ് അതിനെ നിയപരമായി നേരിട്ടിട്ടു. ആരോപണം ആര് വേണേലും അന്വേഷിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം ബാർ അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മറുപടി എന്താണെന്ന് തിരിച്ചു ചോദിച്ചു.

വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ (എ​ഫ്സിആ​ർഎ) നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി ഈ വിചിത്ര ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് കോൺഗ്രസ് എതിർക്കുമെന്നും പറഞ്ഞു. കന്യസ്ത്രീകളെ ആക്രമിച്ച പോലെ മറ്റൊരു ശ്രമമാണിത്. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ളതാണ്. ക്രിസ്തുമസിന് കേക്കുമായി പോകുവുകയും ശേഷം നിയമം ഉപയോഗിച്ച് നേരിടുകയുമാണ്. ചെറിയ വിദേശ സഹായം നേടിയാൽ വരെ ആ സ്ഥാപനം ഏറ്റെടുക്കാൻ വഴി ഒരുക്കുന്നതാണ് ബിൽ. വഖഫ് ബിൽ വഴി മുസ്‌ലിംകളെ ഉന്നമിട്ടു. ഇപ്പോൾ എഫ്സിആർഎ വഴി ക്രൈസ്തവരിലേക്ക്, ഇനി സിഖുകാരെ കൂടി പിടിക്കുമെന്നും അദ്ദേഹം വിമർശിച്ചു.

TAGS :

Next Story