Quantcast

സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ചത് കേരളത്തോടുള്ള വെല്ലുവിളി: കെ.സി വേണുഗോപാൽ എംപി

രാഷ്ട്രീയമായി സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്നത് ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണ്.

MediaOne Logo

Web Desk

  • Published:

    14 Feb 2025 10:24 PM IST

kc venugopal
X

കെ.സി വേണുഗോപാൽ

തിരുവനന്തപുരം: വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശിയുള്ളത് പോലെയാണ് പെരുമാറുന്നതെന്നും അതിനാലാണ് തിരിച്ചടവ് വ്യവസ്ഥയോടെ പലിശരഹിത വായ്പ അനുവദിക്കുകയും തുക വിനിയോഗത്തിന് സമയപരിധി നിശ്ചയിക്കുകയും ചെയ്ത നടപടിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി.

കേരളത്തോടുള്ള വെല്ലുവിളിയാണ് ഈ നടപടി. കേരളം കേന്ദ്രത്തോട് ചോദിച്ചത് 2000 കോടിയുടെ സാമ്പത്തിക പാക്കേജാണ്. എന്നാൽ അത് തന്നില്ലെന്ന് മാത്രമല്ല, വരവ് ചെലവ് കണക്കുകൾ മാർച്ച് 31നകം സമർപ്പിച്ച് തുക വിനിയോഗിക്കണമെന്ന നിർദേശം ഉൾപ്പെടുത്തിയത് കണ്ണിൽച്ചോരയില്ലാത്തതാണ്. കേരള ജനതയുടെ ആത്മാഭിമാനത്തെയാണ് കേന്ദ്ര സർക്കാർ നിരന്തരം വ്രണപ്പെടുത്തുന്നത്. കേരളത്തെ സഹായിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ടായിട്ടും അത് നിറവേറ്റാതെ ശത്രുപക്ഷത്ത് നിർത്തുന്ന ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കേണ്ടതാണ്. കേരളവും ഇന്ത്യയിലാണെന്നത് മോദിയും കൂട്ടരും വിസ്മരിക്കരുത്. സാമ്പത്തിക സഹായം ചോദിക്കുമ്പോൾ വായ്പ അനുവദിക്കുന്നതിന്റെ യുക്തിയെന്താണ്? രാഷ്ട്രീയമായി സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്നത് ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണ്.

രാഷ്ട്രീയാന്ധത വെടിഞ്ഞ് കേരളത്തോട് മനുഷ്യത്വ സമീപനം സ്വീകരിക്കാനും വയനാടിന്റെ പുനരധിവാസത്തിന് സഹായം നൽകാനും കേന്ദ്രസർക്കാർ തയ്യാറാകണം. അതിന് കേന്ദ്രം സന്നദ്ധമാകുന്നില്ലെങ്കിൽ വയനാടിന് വേണ്ടി കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും വേണുഗോപാൽ പറഞ്ഞു.

TAGS :

Next Story