സ്ഥാനാർഥിയെ നിർണയിക്കുന്നത് എഐസിസി; മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാൽ
കേരളത്തിൽ നിന്നും കൊടുക്കുന്ന പട്ടിക നോക്കിയാണ് സ്ഥാനാർഥി നിര്‍ണയം നടത്തുന്നതെന്നും പാലക്കാട് പറഞ്ഞു

പാലക്കാട്: മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സ്ഥാനാർഥിയെ നിർണയിക്കുന്നത് എഐസിസിയാണ്. കേരളത്തിൽ നിന്നും കൊടുക്കുന്ന പട്ടിക നോക്കിയാണ് സ്ഥാനാർഥി നിര്‍ണയം നടത്തുന്നതെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരുടെ സംഗമം ജെഎം മഹലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇപ്പോൾ യുഡിഎഫിന് അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത്. ദൈവത്തിന്‍റെ വസ്തുവകകൾ തന്നെ മോഷ്ടിച്ചവരെ ദൈവം തന്നെ കൈവിട്ടു കഴിഞ്ഞു. കാർഷിക മേഖലയിലും ഇടതുപക്ഷ സർക്കാർ കനത്ത തിരിച്ചടിയാണ് നൽകിയത്. കർഷകർ കൃഷി പോലും ഉപേക്ഷിക്കേണ്ട സ്ഥിതിയാണ് ഇടതുപക്ഷം സംജാതമാക്കിയിരിക്കുന്നത്. സംഭരിച്ച നെല്ലിന് പോലും അർഹമായ വില ലഭിക്കുന്നില്ല. തൊഴിലാളിവർഗ്ഗ പാർട്ടി എന്ന് അവകാശപ്പെട്ട് ഭരണത്തിലേറിയ ഇടതുപക്ഷം ഇപ്പോൾ മുതലാളിത്ത താല്പര്യങ്ങൾ സംരക്ഷിക്കുകയാണ്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ കർഷകരുടെ താൽപര്യം സംരക്ഷിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൃഷി ചെയ്യുന്നത് തന്നെ കുറ്റകരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കി അവരെ സംരക്ഷിക്കുന്നവർ ആയിരിക്കണം ജനപ്രതിനിധികൾ എന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ അധ്യക്ഷനായിരുന്നു. വി.കെ ശ്രീകണ്ഠൻ എംപി, കെപിസിസി വൈസ് പ്രസിഡന്‍റുമാരായ വി.ടി ബൽറാം, രമ്യ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.എ. തുളസി, നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ, സെക്രട്ടറിമാരായ പി.ബാലഗോപാൽ, പി.വി രാജേഷ്, പി. ഹരിഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Adjust Story Font
16

