Quantcast

എൻ.എം വിജയനോടുള്ള ബഹുമാനം കൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്, സിപിഎമ്മിന്‍റെ നാവായി കുടുംബം മാറിയാൽ മറുപടി പറയാതിരിക്കാനാവില്ല: കെ.ഇ വിനയൻ

സുൽത്താൻ ബത്തേരിയിൽ ഐസി ബാലകൃഷ്ണന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് എൻ.എം വിജയന്‍റെ മകനും മരുമകളും ഉപവാസമിരുന്നിരുന്നു

MediaOne Logo

Web Desk

  • Published:

    7 April 2026 5:05 PM IST

എൻ.എം വിജയനോടുള്ള ബഹുമാനം കൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്, സിപിഎമ്മിന്‍റെ നാവായി കുടുംബം മാറിയാൽ മറുപടി പറയാതിരിക്കാനാവില്ല: കെ.ഇ വിനയൻ
X

വയനാട്: എന്‍.എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒരു പരാമര്‍ശവുമില്ലെന്നും വിഷം കഴിച്ച ഘട്ടത്തില്‍ മരണം ഉറപ്പിക്കാന്‍ കരുതികൂട്ടി തീരുമാനിച്ചിരുന്നെന്ന് സംശയിക്കണമെന്നും കെപിസിസി അംഗം കെ.ഇ വിനയന്‍. എന്‍.എം വിജയനോടുള്ള ബഹുമാനം കൊണ്ടാണ് ഇതുവരെയും മിണ്ടാതിരുന്നതെന്നും സിപിഎമ്മിന്റെ നാവായി കുടുംബം മാറിയാല്‍ മറുപടി പറയാതെ പോകാന്‍ കഴിയില്ലെന്നും കെ.ഇ വിനയന്‍ പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ ഐസി ബാലകൃഷ്ണന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ എൻ.എം വിജയന്‍റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വിനയന്‍റെ പ്രതികരണം.

'സിപിഎം ബുക്ക് ചെയ്ത സ്ഥലത്താണ് എന്‍.എം വിജയന്റെ മകനും മരുമകളും സമരം ചെയ്യുന്നത്. ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. ആത്മഹത്യാ കുറിപ്പില്‍ വെട്ടിമാറ്റിയ ചില ഭാഗങ്ങളുമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ അതെന്തായിരുന്നെന്ന കാര്യത്തില്‍ പൊലീസ് വ്യക്തമായ അന്വേഷണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. ആത്മഹത്യയ്ക്ക് ശേഷമുണ്ടായ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പൊലീസ് അന്വേഷിച്ചിട്ടില്ല'. വിനയന്‍ പറഞ്ഞു.

'വിഷം കഴിച്ച ഘട്ടത്തില്‍ അടുത്ത വീട്ടിലുള്ളവരെയല്ല അദ്ദേഹം വിളിച്ചിരുന്നത്. കിലോമീറ്ററുകളോളം അകലെയുള്ള ഒരാളെയാണ് അദ്ദേഹം വിളിച്ചത്. തന്റെ മരണം ഉറപ്പാക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നതായി സംശയിക്കണം. എന്‍.എം വിജയനോടുള്ള ബഹുമാനം കൊണ്ടാണ് ഇതുവരെയും കാര്യങ്ങള്‍ പറയാതിരുന്നത്. എന്‍.എം വിജയന്റെ കുടുംബത്തോടുള്ള കരുതല്‍ കൊണ്ടാണ് ആധാരം പാര്‍ട്ടി എടുത്തുനല്‍കിയത്. ഒരുകോടി രൂപ സഹായം പാര്‍ട്ടി പാര്‍ട്ടി കുടുംബത്തിന് നല്‍കിയിട്ടുണ്ട്. എന്നിട്ടും, സിപിഎമ്മിന്റെ നാവായി അവര്‍ മാറിയാല്‍ മറുപടി പറയാതെ പോകാന്‍ കഴിയില്ല'. വിനയന്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ വലിച്ചിഴക്കരുതെന്ന് കരുതിയാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദും പ്രതികരിച്ചു. ആത്മഹത്യാ കുറിപ്പ് വെട്ടിയത് ആരാണെന്ന് കണ്ടുപിടിക്കേണ്ടതായിരുന്നെന്നും ഇന്നത്തെ സമരത്തിന് പിന്നില്‍ സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ സമരപ്പന്തലിനടുത്തുണ്ടായിരുന്നെന്നും അവരാണ് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുല്‍ത്താന്‍ ബത്തേരിയില്‍ ഐസി ബാലകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍.എം വിജയന്റെ മകനും മരുമകളും പ്രതിഷേധിച്ചിരുന്നു. മകന്‍ വിജേഷും മരുമകള്‍ പത്മജയും മക്കളുമാണ് ഉപവാസമിരിക്കുന്നത്. 'ഞങ്ങളുടെ അച്ഛനെയും അനുജനെയും ഐസി ബാലകൃഷ്ണന്‍ വഞ്ചിച്ച് കൊന്നതാണ്, നീതിക്കായി ഉപവാസം' എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഉപവാസം.

TAGS :

Next Story