ഗോരക്ഷാ ഗുണ്ടകള്‍ തട്ടിയെടുക്കുന്ന കന്നുകാലികളെ ഗോശാലകളില്‍ വെച്ച് മറിച്ചുവില്‍ക്കുന്നു; പ്രതിഷേധിച്ച് സംസ്ഥാനത്തെ ബീഫ് വ്യാപാരികള്‍
കേരളത്തിലെ വ്യാപാരികള്‍ ഉയര്‍ന്ന വിലക്ക് കന്നുകാലികളെ വാങ്ങുന്നത് വന്‍കിട കമ്പനികള്‍ക്ക് തിരിച്ചടിയാണെന്നും വ്യാപാരികള്‍

കോഴിക്കോട്: വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്ക് വേണ്ടിയാണ് ഗോരക്ഷാ ഗുണ്ടകള്‍ കന്നുകാലികളെ തട്ടിയെടുക്കുന്നതെന്ന് വ്യാപാരികള്‍. ഗോവധ നിരോധനമുള്ള സംസ്ഥാനങ്ങളില്‍ നിന്നും വന്‍കിട ബീഫ് കമ്പനികള്‍ കന്നുകാലികളെ മാംസമാക്കുന്നുണ്ടെന്ന് ബീഫ് വ്യാപാരിയായ സൈദലി പറഞ്ഞു.
ഗോശാലകളിലേക്ക് എത്തിക്കുന്ന കന്നുകാലികളെ മറിച്ച് വില്‍ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ബീഫ് വ്യാപാരിയായ ഉമ്മര്‍ പറയുന്നു. കോടതി വഴി തങ്ങള്‍ക്ക് വിട്ടുകിട്ടുന്നത് തൂക്കം കുറഞ്ഞ ഉരുക്കളെയാണെന്നും വ്യാപാരികള്‍ പ്രതികരിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന കന്നുകാലികളെ തടഞ്ഞ് ഗോശാലകളിലേക്ക് മാറ്റുന്ന രീതി ഇപ്പോള്‍ ഒരു തുടര്‍ക്കഥയാണ്. കേരളത്തില്‍ നിന്നുള്ള വ്യാപാരികള്‍ ഉയര്‍ന്ന വിലക്ക് കന്നുകാലികളെ വാങ്ങുന്നത് വന്‍കിട കമ്പനികള്‍ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ കേരളത്തിലെ വ്യാപാരികളെ പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ബീഫ് വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. കന്നുകാലികളുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ബീഫ് വില 500 രൂപയിലേക്ക് അടുത്തിരുന്നു. പിന്നാലെ തൊടുപുഴയിലെ ബീഫ് വ്യാപാരികള്‍ കച്ചവടം പൂര്‍ണ്ണമായും അവസാനിപ്പിച്ചിരുന്നു.
അടുത്തിടെ മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് കന്നുകാലികളുമായി പുറപ്പെട്ട 16 ലോറികള്‍ ഗോരക്ഷാ ഗുണ്ടകള്‍ തടഞ്ഞുവെച്ചിരുന്നു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും വ്യാപാരികള്‍ പറയുന്നു. കന്നുകാലികളെ സുരക്ഷിതമായി വിപണിയില്‍ എത്തിക്കാനുള്ള നടപടികള്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍ പ്രതിഷേധ രംഗത്തുണ്ട്. വിപണയിലെ ബീഫ് ക്ഷാമം ഹോട്ടല്‍ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
Adjust Story Font
16

