Quantcast

സലിംകുമാർ ഇനി ഓർമ്മ; സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീ‌ട്ടുവളപ്പിൽ

ഞായറാഴ്ച നിശ്ചയിച്ച എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിന്റെ ഓഫീസ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2026-06-07 02:56:25

Published:

7 Jun 2026 8:05 AM IST

സലിംകുമാർ ഇനി ഓർമ്മ; സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീ‌ട്ടുവളപ്പിൽ
X

കൊച്ചി: നടൻ സലിംകുമാറിന് വിട പറഞ്ഞ് സാംസ്കാരിക കേരളം. മൃതദേഹം ഇന്ന് വൈകിട്ട് 3.30ന് ശേഷം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. രാവിലെ എട്ടുമണിയോടെ എറണാകുളം അമൃത ആശുപത്രിയിൽ നിന്നും പറവൂർ ടൗൺഹാളിൽ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദർശനത്തിന് വയ്ക്കും. ഇന്നലെ രാത്രി 10.43 നായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സ തേടുന്നുണ്ടായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മരണവാർത്തയറിഞ്ഞ് ഇന്നലെ രാത്രി തന്നെ നടന്മാരായ ദിലീപ്, രമേശ് പിഷാരടി, നാദിർഷ, സൗബിൻ ഷാഹിർ, നടി ശ്വോത മേനോൻ, തെസ്നി ഖാൻ, ഹൈബി ഈഡൻ എംപി എന്നിവർ എത്തിയിരുന്നു.

വിയോഗത്തെ തുടർന്ന് ഞായറാഴ്ച നിശ്ചയിച്ച എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിന്റെ ഓഫീസ് അറിയിച്ചു. ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ ഇന്നലെ, സലിംകുമാറിന്റെ മകൻ ചന്തുവിനെ വിളിച്ച് അന്വേഷിച്ചിരുന്നതായും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ആശ്വാസം തോന്നിയതായും സാംസ്കാരിക മന്ത്രി പറഞ്ഞു. പലതവണ ജീവിതത്തിലേക്ക് തിരിച്ചു വരാറുള്ളതുപോലെ സലിമേട്ടൻ തിരിച്ചുവരും എന്നു തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഏറെ ദുഃഖകരമായ വാർത്തയാണ് മലയാളികളെ തേടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിൻ്റെ പൂർണരൂപം

സലിംകുമാർ എന്ന നടനെ ആദ്യം നേരിൽ കണ്ടത് എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ചാണ്. ലാൽ ജോസിന്റെ 'അച്ഛൻ ഉറങ്ങാത്ത വീട്' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. ഞാൻ മറ്റൊരു വാർത്താ സമ്മേളനത്തിന്റെ ഭാഗമായും. കെഎസ്‌യു പ്രസിഡൻ്റ് ആയിരുന്ന എന്നോട് വളരെ വാത്സല്യവും സ്നേഹവും കാട്ടി, അന്ന് പറഞ്ഞ വാക്കുകളിൽ ഇപ്പോഴും ഓർമ്മയുണ്ട്. "ഞാനൊരു എം.എ ക്കാരൻ ആണെന്നും കോൺഗ്രസുകാരൻ ആണെന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല!" അങ്ങനെ തുടങ്ങിയ സംഭാഷണം വലിയ ആത്മബന്ധത്തിലേക്ക് വഴിമാറി. പിന്നെ എത്രയോ കൂടിച്ചേരലുകൾ, സംഭാഷണങ്ങൾ,ഒരുമിച്ചുള്ള പരിപാടികൾ.

മനുഷ്യന്റെ സന്തോഷവും സങ്കടവും നിസ്സഹായതയും ആത്മാഭിമാനവും ഒരുപോലെ അവതരിപ്പിക്കാൻ കഴിയുന്ന അസാധാരണ അഭിനേതാവായിരുന്നു സലിമേട്ടൻ. മലയാളിയുടെ ദൈനംദിന ഭാഷയിലേക്കും സംസ്കാരത്തിലേക്കും കടന്നുകയറിയ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം, അഭിനയത്തിന് അതിരുകളില്ലെന്ന് തെളിയിച്ച കലാകാരനാണ്.

സലിമേട്ടൻ്റെ അഭിനയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സ്വാഭാവികതയാണ്. അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളായി മാറുമായിരുന്നു.

ഹാസ്യരംഗങ്ങളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അതേ നടൻ, ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ കണ്ണ് നനയിപ്പിക്കുകയും ചെയ്തു.

അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ആദാമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം വെറും ഹാസ്യ നടനല്ലെന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണെന്നും തെളിയിച്ചു.

ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധാരണ മനുഷ്യരുടെ അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് പകർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ രീതി ഓരോ അഭിനേതാവിനും പാഠപുസ്തകമാണ്. ദേശീയ പുരസ്കാരം നേടിയ അഭിനയ പ്രതിഭ മാത്രമല്ല, മികച്ച സഹൃദയൻ കൂടിയായിരുന്നു അദ്ദേഹം. ഞങ്ങളെ ഒരുപാട് സ്നേഹിച്ച, പൊതുപ്രവർത്തകരെ വിമർശനാത്മകമായി സമീപിച്ച സലിംകുമാറിൻ്റെ വിയോഗം വ്യക്തിപരമായ വലിയ നഷ്ടം കൂടിയാണ്. സലിമേട്ടൻ ഇല്ലെന്ന സത്യം അദ്ദേഹത്തെ സ്നേഹിക്കുന്ന ആർക്കും ഉൾക്കൊള്ളാൻ സാധിക്കുകയില്ല.



TAGS :

Next Story