Quantcast

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധന പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി

യുവജന സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നാണ് പെൻഷൻ പ്രായം 60 വയസാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്

MediaOne Logo

Web Desk

  • Updated:

    2022-11-04 16:26:41.0

Published:

4 Nov 2022 2:13 PM GMT

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധന പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി
X

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധന പിൻവലിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഒരോ പൊതുമേഖലാ സ്ഥാപനത്തേയും പ്രത്യേകം പഠിക്കുമെന്നും അതിന് ശേഷം ആവശ്യമായ പ്രത്യേക ഉത്തരവ് ഇറക്കുമെന്നും അധികൃതർ വ്യക്തമാക്കി. യുവജന സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നാണ് പെൻഷൻ പ്രായം 60 വയസാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. ഡിവൈഎഫ്ഐ, എഐവൈഎഫ്, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ, പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ധനവകുപ്പ് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളൽ 114 എണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇവയിൽ ചിലതിൽ പെൻഷൻ പ്രായം അറുപത്, ചിലതിൽ 58. ചില സ്ഥാപനങ്ങളിൽ തന്നെ, വർക്കേഴ്സിന് 60, സ്റ്റാഫിന് 58 എന്നിങ്ങനെയാണ്. ഇതെല്ലാം അവസാനിപ്പിച്ച് എല്ലായിടത്തും വിരമിക്കൽ പ്രായം 60 ആയി ഏകീകരിച്ചാണ് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഉത്തരവിറക്കിയ ഒക്ടോബർ 29 മുതൽ തീരുമാനം ബാധകമായിരുന്നു.

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് വിവാദമായതോടെ വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ പൂർണമായും മനസിലാക്കാതെയാണ് വിമർശനങ്ങളെന്നായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചത്. പെൻഷൻ പ്രായം ഉയർത്തൽ സർക്കാർ മേഖലയിലേക്ക് വ്യാപിപ്പിക്കില്ല. പെൻഷൻ പ്രായം ഏകീകരിക്കുകയല്ല ചെയ്തതെന്നും മന്ത്രി പറഞ്ഞിരുന്നു. പൊതുമേഖല സ്ഥാപനങ്ങൾക്ക് പൊതു മാനദണ്ഡം രൂപീകരിക്കാൻ 2017ൽ റിയാബ് ചെയർമാൻ തലവനായി ഒരു വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം, പെൻഷൻ പ്രായം ഉയർത്തൽ വിവാദം അവസാനിപ്പിക്കാൻ സിപിഎമ്മിൽ ധാരണയായി. സംസ്ഥാന സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയതോടെയാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതു ചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണിതെന്നും പെൻഷൻ പ്രായം ഉയർത്തുന്നത് പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് മരവിപ്പിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നാളത്തെ സംസ്ഥാന കമ്മിറ്റിക്ക് മുൻപ് വിവാദം അവസാനിപ്പിക്കാനാണ് വിശദീകരണം നൽകിയത്.


Kerala government issued an order withdrawing the increase in pension age in public sector institutions

TAGS :

Next Story