Quantcast

മമ്മൂട്ടി ആശുപത്രിയിലെത്തി കണ്ട ഫാത്തിമക്കുള്ള സർക്കാർ ചികിത്സാ സഹായം നിലച്ചു; പ്രതിസന്ധിയിലായി കുടുംബം

മുൻ മന്ത്രി കെ.കെ ശൈലജ ഇടപെട്ടാണ് ചികിത്സ ഏറ്റെടുത്തിരുന്നത്; മന്ത്രി മാറിയതോടെ സഹായം നിലച്ചെന്ന് കുടുംബം

MediaOne Logo

Web Desk

  • Published:

    16 April 2022 2:17 AM GMT

മമ്മൂട്ടി ആശുപത്രിയിലെത്തി കണ്ട ഫാത്തിമക്കുള്ള സർക്കാർ ചികിത്സാ സഹായം നിലച്ചു; പ്രതിസന്ധിയിലായി കുടുംബം
X

പെരുമ്പാവൂർ: അപൂർവ രോഗം ബാധിച്ച വിദ്യാർഥിക്ക് സർക്കാർ നൽകിവന്ന ചികിത്സ സഹായം നിലച്ചു.പെരുമ്പാവൂർ മുടിക്കൽ സ്വദേശി റഫീഖിന്റെ മകൾ ഫാത്തിമയെയാണ് സർക്കാർ കൈവിട്ടത്.

ഭാരിച്ച ചികിത്സാ ചെലവുകൾ താങ്ങാനാകാതെ ബുദ്ധിമുട്ടുന്ന കുടുംബം സർക്കാർ വീണ്ടും കനിയുമെന്ന പ്രതീക്ഷയിലാണ്. ദിവസങ്ങൾക്ക് മുമ്പ് പിറന്നാൾ ദിനത്തിൽ നടൻ മമ്മൂട്ടിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ ആ കുഞ്ഞാരാധികയാണ് ഫാത്തിമ.ഫാത്തിമയുടെ ആഗ്രഹമറിഞ്ഞ് നേരിട്ട് കാണാൻ ആശുപത്രിയിൽ മമ്മൂട്ടിയെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് മുന്പാണ് ഫാത്തിമ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്.

അഞ്ച് വർഷം മുമ്പ് തുടങ്ങിയതാണ് പതിനഞ്ചുകാരി ഫാത്തിമ ഈ അപൂർവ രോഗം പേറിയുള്ള ജീവിതം. 'ഓട്ടോ ഇമ്മ്യൂൺ ഡീസീസ്' എന്ന രോഗാവസ്ഥയാണ് ഫാത്തിമക്ക്. രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ട ഫാത്തിമക്ക് വളരെ വേഗം മറ്റ് അസുഖങ്ങൾ ബാധിക്കും. മാസങ്ങളോളം ആശുപത്രിക്കിടക്കയിൽ ജീവിതം തള്ളി നീക്കിയിട്ടുണ്ട് ഈ ചെറിയ പ്രായത്തിനുള്ളിൽ ഫാത്തിമ.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി കൂടിയായിരുന്ന കെ.കെ ശൈലജ ഇടപെട്ടാണ് ചികിത്സ ഏറ്റെടുത്തിരുന്നത്. ഭാരിച്ച ബില്ലുകൾ സർക്കാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്ക് നേരിട്ട് അടയ്ക്കുമായിരുന്നു. ഭക്ഷണത്തിന്റെ ചിലവൊഴിച്ചാൽ മറ്റൊന്നും പിതാവ് റഫീഖിന് അറിയേണ്ടിവന്നിരുന്നില്ല. എന്നാൽ രണ്ടാം പിണറായി സർക്കാർ വന്നതോടെ, സാമൂഹ്യനീതി വകുപ്പ് മന്ത്രി മാറി. വകുപ്പ് ഏറ്റെടുത്ത മന്ത്രി ആർ ബിന്ദു കൈയ്യൊഴിഞ്ഞെന്നും കുടുംബം പറയുന്നു.

ഓരോ മാസവും അര ലക്ഷത്തോളം രൂപയാണ് മകളെ ചികിത്സിക്കാൻ ഈ പിതാവ് ചെലവാക്കേണ്ടിവരുന്നത്. മകളെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടേണ്ടിവരുന്നത് എപ്പോഴാണെന്നറിയില്ല. അഡ്മിറ്റ് ചെയ്യുന്‌പോഴെല്ലാം വരുന്ന ഭാരിച്ച ചെലവുകൾ താങ്ങാവുന്നതിലുമപ്പുറമാണ്. സർക്കാർ വീണ്ടും കനിയുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഈ കുടുംബം.

TAGS :

Next Story