Quantcast

കേരള പൊലീസ് ആവശ്യപ്പെട്ടു; മനോരമ ന്യൂസ് ചാനലിലെ പ്രതിപക്ഷ നേതാവിൻ്റെ അഭിമുഖം നീക്കി ഫേസ്ബുക്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളുമെല്ലാം അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-27 04:43:43.0

Published:

27 March 2026 10:08 AM IST

Kerala Police requested; Facebook removes opposition leaders interview on Manorama
X

കൊച്ചി: മനോരമ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരളാ പൊലീസിന്റെ നിര്‍ദേശപ്രകാരം ഫേസ്ബുക് നീക്കം ചെയ്തു. അഭിമുഖത്തിന്റെ ഒരു ഭാഗം ഇന്ത്യയില്‍ കാണിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഫേസ്ബുക്കിന് നോട്ടീസ് നല്‍കുകയായിരുന്നു. ഒരുമണിക്കൂര്‍ നീണ്ട അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെട്ട റീലിന്റെ ലിങ്ക് ഫേസ്ബുക്കില്‍ ഇപ്പോഴും ഉണ്ടെങ്കിലും ഇന്ത്യയില്‍ വിഡിയോ കാണാന്‍ സാധിക്കില്ലെന്ന് മനോരമ ന്യൂസ് പറയുന്നു.

അഭിമുഖം മനോരമ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യുകയും സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളുമെല്ലാം അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

അഭിമുഖത്തിന്റെ കമന്റ് ബോക്‌സില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്വമേധയാ ഫേസ്ബുക്കിനു നിര്‍ദേശം നല്‍കിയെന്നാണ് പൊലീസിന്റെ വിശദീകരണമെന്ന് മനോരമ പറയുന്നു. കമന്റുകള്‍ മാത്രം നീക്കാനാണ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടതെങ്കിലും കമന്റ് ബോക്‌സില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദം നടക്കുന്നത് സംഘര്‍ഷത്തിനു കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പൊലീസ് സൈബര്‍ വിഭാഗം മനോരമയെ അറിയിച്ചു.

അതേസമയം, ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കും മാര്‍ഗരേഖക്കും വിരുദ്ധമായതോ ഐടി നിയമം ഉള്‍പ്പെടെ ഏതെങ്കിലും നിയമവ്യവസ്ഥകള്‍ക്ക് എതിരായതോ ആയ ഒരു ഉള്ളടക്കവും അഭിമുഖത്തിന്റെ നീക്കം ചെയ്യപ്പെട്ട റീലില്‍ ഉണ്ടായിരുന്നില്ലെന്ന് മനോരമ പറയുന്നു. മാര്‍ഗരേഖ ലംഘിച്ചിട്ടില്ലെന്ന് ഫേസ്ബുക് അവരുടെ നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കുന്നുമുണ്ടെന്ന് മനോരമ വിശദീകരിച്ചു. വിഡിയോ നീക്കം ചെയ്തതിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനോരമ ന്യൂസ് പരാതി നല്‍കിയിട്ടുണ്ട്.

മനോരമ പറയുന്നത് ഇങ്ങനെ:

മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരളാ പൊലീസിന്റെ നിര്‍ദേശപ്രകാരം ഫേസ്ബുക് നീക്കം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്റെ റീല്‍ ആണ് ബുധനാഴ്ച ഉച്ചയോടെ ഇന്ത്യയില്‍ വിലക്കിയത്. അഭിമുഖം ഇന്ത്യയില്‍ കാണുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഐടി ആക്ട് 2000, സെക്ഷന്‍ 79 (3) (ബി) പ്രകാരം ഫേസ്ബുക്കിനു നോട്ടിസ് നല്‍കുകയായിരുന്നു. ചൊവ്വാഴ്ച ചിത്രീകരിച്ച അഭിമുഖം മനോരമ ന്യൂസ് ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഗാരന്റിയടക്കമുള്ള വാഗ്ദാനങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളുമെല്ലാം അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരുമണിക്കൂര്‍ നീണ്ട അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെട്ട റീലിന്റെ ലിങ്ക് ഫേസ്ബുക്കില്‍ ഇപ്പോഴും ഉണ്ടെങ്കിലും ഇന്ത്യയില്‍ വിഡിയോ കാണാന്‍ സാധിക്കില്ല.

ഫേസ്ബുക്കിനു നോട്ടിസ് നല്‍കിയ കാര്യം ആദ്യം കേരള പൊലീസ് നിഷേധിച്ചെങ്കിലും പിന്നീടു സമ്മതിച്ചു. ലിങ്കിലെ കമന്റ് ബോക്‌സിലെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്വമേധയാ ഫെയ്‌സ്ബുക്കിനു നിര്‍ദേശം നല്‍കിയെന്നാണ് പൊലീസിന്റെ വിശദീകരണം. കമന്റുകള്‍ മാത്രം നീക്കാനാണ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടതെങ്കിലും കമന്റ് ബോക്‌സില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദം നടക്കുന്നത് സംഘര്‍ഷത്തിനു കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പൊലീസ് സൈബര്‍ വിഭാഗം വിശദീകരിച്ചു. ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കും മാര്‍ഗരേഖയ്ക്കും വിരുദ്ധമായതോ ഐടി നിയമം ഉള്‍പ്പെടെ ഏതെങ്കിലും നിയമവ്യവസ്ഥകള്‍ക്ക് എതിരായതോ ആയ ഒരു ഉള്ളടക്കവും നീക്കം ചെയ്യപ്പെട്ട റീലില്‍ ഉണ്ടായിരുന്നില്ല. മാര്‍ഗരേഖ ലംഘിച്ചിട്ടില്ലെന്ന് ഫേസ്ബുക് അവരുടെ നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കുന്നുമുണ്ട്. ഔദ്യോഗിക ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്തതിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനോരമ ന്യൂസ് പരാതി നല്‍കി.

TAGS :

Next Story