Quantcast

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 39 മരണമെന്ന് മുഖ്യമന്ത്രി

കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങൾ കഴിഞ്ഞ അഞ്ച് വർഷമായി വലിയ നാശ നഷ്ടങ്ങളുണ്ടാക്കി

MediaOne Logo

Web Desk

  • Updated:

    2021-10-20 06:24:47.0

Published:

20 Oct 2021 3:57 AM GMT

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 39 മരണമെന്ന് മുഖ്യമന്ത്രി
X

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ആറു പേരെ കാണാതായി. 217 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങൾ കഴിഞ്ഞ അഞ്ചു വർഷമായി വലിയ നാശ നഷ്ടങ്ങളുണ്ടാക്കി. സംസ്ഥാനത്ത് നിലവിൽ 11 എൻ.ഡി.ആർ.എഫ് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എയർഫോഴ്സ് , നേവി ഹെലികോപ്ടറുകൾ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 304 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.. ദുരന്തസാധ്യത പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിൽ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെ.ബാബു ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച വരുന്നത് ഖേദകരമാണെന്നും കേന്ദ്ര സഹായം വേണമെന്നും ബാബു പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം

ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്ടോബര്‍ 11 മുതല്‍ 12 വരെ തെക്കന്‍ കേരളത്തില്‍ ലഭിച്ച മഴയ്ക്കു കാരണം പടിഞ്ഞാറന്‍ പസഫിക്കിലെ ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണ്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും രൂപപ്പെട്ട ചക്രവാകച്ചുഴികള്‍ ഇരട്ട ന്യൂനമര്‍ദ്ദമായി രൂപപ്പെടുകയും സംസ്ഥാനത്തിന്‍റെ പലഭാഗത്തും അതിതീവ്ര മഴ ഉണ്ടാവുകയും ചെയ്തു.

ഏകോപിതമായ പ്രവര്‍ത്തനമാണ് മഴ ദുരന്ത നിവാരണ കാര്യത്തില്‍ നിലവില്‍ നടന്നുവരുന്നത്. റവന്യൂ, പോലീസ്, ഫയര്‍ഫോഴ്സ്, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ തുടങ്ങിയവ നേതൃത്വപരമായ പങ്കുവഹിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ ഓരോ ടീമിനെ വീതം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ, നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 11 എന്‍.ഡി.ആര്‍.എഫ് ടീമുകള്‍ വിവിധ ജില്ലകളിലായി ഉണ്ട്. ഇന്ത്യന്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ എന്നിവയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. എയര്‍ഫോഴ്സിന്‍റെ രണ്ട് ഹെലികോപ്ടറുകള്‍ കൊച്ചിയില്‍ സജ്ജമായി നില്‍പ്പുണ്ട്. ഇതിനു പുറമെ, നേവിയുടെ ഹെലികോപ്ടറും സജ്ജമാണ്. കുട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ ഹെലികോപ്ടര്‍ വഴി ഭക്ഷണപ്പൊതികള്‍ എത്തിച്ചു. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങിക്കിടന്നവരെ പോലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

മഴയുടെ തീവ്രതക്ക് ഒക്ടോബര്‍ 18, 19 തീയതികളില്‍ താല്‍ക്കാലികമായ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍, കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 20 മുതല്‍ രണ്ടു മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചുവരുന്നുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് ഡാമുകളിലെ ജലം നിയന്ത്രിത അളവുകളില്‍ ജില്ലാ ഭരണകൂടത്തെയും പ്രദേശവാസികളെയും അറിയിച്ചുകൊണ്ട് തുറന്നുവിടുന്നുണ്ട്. ഇടുക്കി, ഇടമലയാര്‍, പമ്പ എന്നീ ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഷട്ടറുകള്‍ വിദഗ്ദ്ധസമിതിയുടെ വിലയിരുത്തല്‍ പ്രകാരം ക്രമീകരിച്ച് തുറന്നുവിടുന്നുണ്ട്. ജലസേചന വകുപ്പും വൈദ്യുതി വകുപ്പും ഇക്കാര്യം നിരന്തരം വിലയിരുത്തുന്നുണ്ട്. എവിടെയും ആപത്തുണ്ടാകില്ല എന്ന് ഉറപ്പുവരുത്തുന്ന വിധത്തിലാണ് ജലം തുറന്നുവിടുന്നത്.

ഇന്നലെ വരെ (ഒക്ടോബര്‍ 19) സംസ്ഥാനത്ത് ഉണ്ടായ മരണസംഖ്യ 39 ഉം കാണാതായവരുടെ എണ്ണം ആറുമാണ്. സംസ്ഥാനത്തൊട്ടാകെ 304 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 3851 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ, ബന്ധുവീടുകളിലും മാറി താമസിക്കുന്ന കുടുംബങ്ങളുമുണ്ട്. ക്യാമ്പുകളില്‍ മതിയായ ശുദ്ധജലം, ഭക്ഷണം, വൃത്തിയുള്ള ശൗചാലയം എന്നിവ ഒരുക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 217 വീടുകള്‍ക്ക് പൂര്‍ണ്ണമായ നാശനഷ്ടവും 1393 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരന്തരം വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ യഥാസമയം സ്വീകരിച്ചുവരികയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട എല്ലാ സാമാജികരും വിലപ്പെട്ട സഹായ സഹകരണങ്ങള്‍ നല്‍കിവരുന്നുണ്ട്. കേരളം പൊതുവില്‍ നേരിടുന്ന ഒരു ദുരന്തമാണിത്. അതിനെ ആ നിലയ്ക്കുതന്നെ കണ്ടുകൊണ്ട് ഒറ്റക്കെട്ടായി നിന്ന് നമുക്ക് അതിജീവിക്കേണ്ടതുണ്ട്.

അനുശോചനം

മഴക്കെടുതിയെത്തുടര്‍ന്ന് അകാലത്തില്‍ ഉണ്ടായ നമ്മുടെ സഹജീവികളുടെ വേര്‍പാടില്‍ ഈ സഭ തീവ്രമായ ദുഃഖം രേഖപ്പെടുത്തുന്നു. തുടര്‍ന്നും ജീവിച്ചിരിക്കേണ്ടിയിരുന്ന 39 പേര്‍ക്കാണ് നാലു ദിവസത്തെ മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍ പൊട്ടലിലും പെട്ട് ജീവന്‍ നഷ്ടമായത്. പലയിടത്തും സമാനതയില്ലാത്ത ദുഃഖാവസ്ഥയാണുണ്ടായത്. സഭ ഇതു മനസ്സിലാക്കുന്നു. വിയോഗങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. ആ കുടുംബങ്ങളുടെ തീരാദുഃഖം കേരളത്തിന്‍റെയാകെ തീരാദുഃഖമാണ്. വിങ്ങുന്ന ഹൃദയവുമായി സഭ ഈ ദുഃഖം പങ്കിടുകയാണ്.

കുടുംബങ്ങള്‍ക്കു താങ്ങും തണലുമായി നിന്ന മുതിര്‍ന്നവര്‍ മുതല്‍ ഭാവിയുടെ പ്രതീക്ഷകളായി നിന്ന ഇളം കുരുന്നുകള്‍ വരെയുണ്ട് മരണപ്പെട്ടവരില്‍. ഓര്‍ക്കാപ്പുറത്തുണ്ടായ ഈ ദുരന്തങ്ങള്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമല്ല, നാടിനും നാട്ടുകാര്‍ക്കും തന്നെ താങ്ങാനാവാത്തതാണ്. ദുഃഖത്തിലായ കുടുംബങ്ങളെ സര്‍ക്കാര്‍ ഒരിക്കലും കൈവിടില്ല. ജീവനു പകരമായി മറ്റൊന്നില്ല. ഒന്നും യഥാര്‍ത്ഥ നഷ്ടപരിഹാരമാവുന്നില്ല. ഇക്കാര്യം സര്‍ക്കാരിനറിയാം, സഭയ്ക്കുമറിയാം. വിഷമാവസ്ഥയില്‍ പെട്ടവരെ കൈവിടില്ല എന്ന് അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നുകൊണ്ടുതന്നെ ആവര്‍ത്തിച്ചറിയിക്കുകയാണ് ഈ ഘട്ടത്തില്‍ നമുക്ക് കരണീയമായിട്ടുള്ളത്. സഭയുടെ പൊതുവികാരം രക്ഷാപ്രവര്‍ത്തനത്തിലും ആശ്വാസനടപടികളിലും ജീവിത സാഹചര്യങ്ങളുടെ പുനഃസ്ഥാപനത്തിലും പ്രതിഫലിക്കുമെന്ന് ഉറപ്പുതരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായാണ് മിന്നല്‍ കണക്കെ പേമാരിയും മലയിടിച്ചിലും വെള്ളപ്പൊക്കവുമൊക്കെയുണ്ടായത്. അതിന്‍റെയൊക്കെ വിശദാംശത്തിലേക്കു കടക്കാനുള്ള സമയമല്ല ഇത്. ദുരന്ത മേഖലകളില്‍ വിഷമിക്കുന്നവരോട്, അകാല മൃത്യുവിന്നിരയായവരുടെ ബന്ധുക്കളോട്, എല്ലാം നഷ്ടപ്പെട്ട നിരാലംബരോട് നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നു പറയാനും അവരുടെ കണ്ണീര്‍ തുടയ്ക്കാനും അവര്‍ക്കു സഹായങ്ങള്‍ എത്തിച്ചു കൊടുക്കാനുമുള്ള ഘട്ടമാണിത്. അതിനായി ഏവരും എല്ലാം മറന്ന് ഇറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

TAGS :

Next Story