Quantcast

കേരള സർവകലാശാല അസിസ്റ്റന്റ് നിയമനക്കേസില്‍ സർക്കാരിനു തിരിച്ചടി; ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതി തള്ളി, പുനരന്വേഷണത്തിന് ഉത്തരവ്

40,000ത്തോളം ഒ.എം.ആർ ഉത്തരക്കടലാസുകൾ നശിപ്പിച്ച ശേഷം 2008ൽ കേരള സർവകലാശാലയിൽ 200ഓളം അസിസ്റ്റന്റുമാരെ നിയമിച്ചതാണ് കേസിനാസ്പദമായ സംഭവം

MediaOne Logo

Web Desk

  • Updated:

    2022-06-08 14:26:11.0

Published:

8 Jun 2022 12:57 PM GMT

കേരള സർവകലാശാല അസിസ്റ്റന്റ് നിയമനക്കേസില്‍ സർക്കാരിനു തിരിച്ചടി; ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതി തള്ളി, പുനരന്വേഷണത്തിന് ഉത്തരവ്
X

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമന പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ കേസിലെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനുള്ള ഹൈക്കോടതി നിർദേശിച്ച പ്രകാരം റിപ്പോർട്ട് സമർപ്പിക്കാനും കോടതിയുടെ ഉത്തരവുണ്ട്.

40,000ത്തോളം ഒ.എം.ആർ ഉത്തരക്കടലാസുകൾ നശിപ്പിച്ച ശേഷം 2008ൽ കേരള സർവകലാശാലയിൽ 200ഓളം അസിസ്റ്റന്റുമാരെ നിയമിച്ചതാണ് കേസിനാസ്പദമായ സംഭവം. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്താൻ കഴിയില്ലെന്നും ഉത്തരക്കടലാസ് കാണാതായതിന് തെളിവുകൾ ലഭ്യമല്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ടായിരുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിരുന്നു. സർക്കാരിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

എന്നാൽ, റിപ്പോർട്ട് പരിശോധിച്ച കോടതി കണ്ടെത്തലുകൾ അംഗീകരിച്ചില്ല. തുടരന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തി കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും ജഡ്ജി നിരീക്ഷിച്ചു.

കോടതി നിർദേശിച്ച പ്രകാരം ആദ്യ റിപ്പോർട്ടിലെ ന്യൂനതകൾ പരിഹരിക്കുന്നതിനു പകരം വളരെ ഉദാസീനമായാണ് സമീപനമാണ് പുതിയ റിപ്പോർട്ടിലുള്ളതെന്നും കോടതി വിമർശിച്ചു. റിപ്പോർട്ട് അപൂർണമായതുകൊണ്ട് തിരിച്ചേൽപിക്കുകയായിരുന്നു. മൂന്നു മാസത്തിനുള്ളിൽ ഹൈക്കോടതി നിർദേശിച്ചതു പ്രകാരമുള്ള റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: Thiruvananthapuram Vigilance Court dismisses crime branch report in Kerala University Assistant appointment case and orders re-investigation

TAGS :

Next Story