Quantcast

കലോത്സവത്തിനിടയിലെ പ്രശ്നങ്ങളിൽ സമഗ്രാന്വേഷണം വേണമെന്ന് കേരള സർവകലാശാല

വിധി നിർണയത്തിനെത്തിയ വ്യക്തിയുടെ മരണവും അന്വേഷിക്കണമെന്ന് ആവശ്യം

MediaOne Logo

Web Desk

  • Published:

    14 March 2024 10:24 AM GMT

കലോത്സവത്തിനിടയിലെ പ്രശ്നങ്ങളിൽ സമഗ്രാന്വേഷണം വേണമെന്ന് കേരള സർവകലാശാല
X

തിരുവനന്തപുരം: കലോത്സവം സംബന്ധിച്ച പ്രശ്നങ്ങളിൽ സമഗ്രമായ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല. ഇതുസംബന്ധിച്ച് രജിസ്ട്രാർ ഡി.ജി.പിക്ക് കത്തുനൽകി. വിധി നിർണയത്തിനെത്തിയ വ്യക്തിയുടെ മരണവും അന്വേഷിക്കണമെന്നാണ് ആവശ്യം. അതേസമയം, കേരള സർവകലാശാല യൂണിയന്റെ കാലാവധി നീട്ടി നൽകില്ലെന്ന് വി.സി പറഞ്ഞു. കാലാവധി നീട്ടാൻ യൂണിയൻ കത്ത് നൽകിയതിന് പിന്നാലെയാണ് വി.സിയുടെ തീരുമാനം.

കലോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ ജഡ്ജിയുമായിരുന്ന ഷാജിയാണ് മരിച്ചത്.

അതിനിടെ, കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യഹരജിയുമായി നൃത്ത പരിശീലകർ ഹൈക്കോടതിയെ സമീപിച്ചു. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹരജി നൽകിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യഹരജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇരുവരും.

പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാനാണ് ശ്രമമെന്നുമാണ് ഹരജിക്കാരുടെ വാദം. യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് തങ്ങൾ പരിശീലിപ്പിച്ച ടീമാണെന്നും വിധികർത്താവിന് കോഴ നൽകിയിട്ടില്ലെന്നും നൃത്താധ്യാപകർ ചൂണ്ടിക്കാട്ടി. കേസ് കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഇത് അവരുടെ ഭാവിയെ ബാധിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story