കോൺഗ്രസ് തകർന്നാൽ ബിജെപിക്ക് ഗുണമില്ല; ബിജെപി സ്വാധീനിക്കാൻ സാധ്യതയുള്ള ജനവിഭാഗങ്ങൾ സിപിഎമ്മിൽ: കെ.കെ രാഗേഷ്
സിപിഎമ്മിനെ തകർക്കാൻ ഏറെക്കാലമായി നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് എന്ന് രാഗേഷ് പറഞ്ഞു

കണ്ണൂർ: സിപിഎമ്മിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ നടക്കുന്ന റെയ്ഡ് എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. ഇടതുപക്ഷത്തെ തകർക്കാനായി കോൺഗ്രസും ബിജെപിയും ഏറെക്കാലമായി ആസൂത്രിതമായി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഇത് കാണാമെന്നും രാഗേഷ് പറഞ്ഞു.
ഇടതുപക്ഷം ബിജെപിയെ സഹായിക്കുന്നു, സിപിഎം നരേന്ദ്ര മോദിയുമായി ഒത്തുകളിക്കുന്നു എന്ന രീതിയിൽ പെരുംനുണ പ്രചരിപ്പിക്കുന്നു. എന്നിട്ട് ബിജെപിയുമായി ഡീലുണ്ടാക്കി തൃശൂരിലും തിരുവനന്തപുരം കോർപ്പറേഷനിലും ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ വിജയിപ്പിച്ചുകൊടുത്തു. സിപിഎം തകർന്നാൽ മാത്രമേ തങ്ങൾക്ക് വളരാനാവൂ എന്ന് ബിജെപിക്ക് കൃത്യമായി അറിയാം. കോൺഗ്രസ് തകർന്നാൽ ബിജെപിക്ക് ഗുണമില്ല. ബിജെപിക്ക് സ്വാധീനിക്കാൻ സാധ്യതയുള്ള ജനവിഭാഗങ്ങൾ സിപിഎമ്മിലാണ്. അത് ലക്ഷ്യമിട്ടാണ് പിണറായിയെ ലക്ഷ്യമിട്ട് വരുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രാഗേഷ് പറഞ്ഞു.
വിനായക് ദാമോദർ ദാസ് സവർക്കറും വടശ്ശേരി ദാമോദരൻ മേനോൻ സതീശനും തമ്മിലുള്ളത് പേരിലുള്ള സാമ്യം മാത്രമല്ല. കേരളത്തിൽ ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് പ്രചരിപ്പിച്ചതിന്റെ മാസ്റ്റർ ബ്രെയിൻ സതീശനാണ്. പിണറായി വിജയനെ എന്താണ് ഇഡി പിടിക്കാത്തത് എന്നാണ് കോൺഗ്രസ് നേതാക്കളുടെ വിഷമം. സതീശന്റെ മനസ് സവർക്കറുടെ അനുയായികളുടെ കൂടെയാണെന്നും രാഗേഷ് ആരോപിച്ചു.
Adjust Story Font
16

