Quantcast

എസ്എഫ്‌ഐക്കാർ വാഴ നടേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയിൽ: കെ.കെ രമ

ആർഎംപി രൂപീകരണസമയത്ത് സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസ് കത്തിക്കുകയും അതിനുശേഷം അന്നത്തെ പാർട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വിമതരായ കമ്മ്യൂണിസ്റ്റുകാരെ കുലംകുത്തികളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് 14 വർഷമായിട്ടും ആ സംഭവത്തിൽ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

MediaOne Logo

Web Desk

  • Published:

    4 July 2022 10:31 AM GMT

എസ്എഫ്‌ഐക്കാർ വാഴ നടേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയിൽ: കെ.കെ രമ
X

തിരുവനന്തപുരം: സർക്കാർ പ്രതിസന്ധിയിലാകുന്ന സന്ദർഭങ്ങളിലെല്ലാം അക്രമസംഭവങ്ങൾ നടത്തി വഴിതിരിച്ചു വിടാനുള്ള ബോധപൂർവമുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് കെ.കെ രമ എംഎൽഎ. എകെജി സെന്ററിന് നേർക്കുണ്ടായ ആക്രമണവും അത്തരത്തിലൊരു സംഭവമാണ്, സിപിഎം പ്രതിരോധത്തിലാകുന്ന ഘട്ടങ്ങളിലൊക്കെ ഇത്തരം അക്രമസംഭവങ്ങൾ നടക്കുന്നതിന്റെ നേർസാക്ഷ്യങ്ങൾ കൂടിയാണ് ആർഎംപി പ്രവർത്തകരെന്നും രമ പറഞ്ഞു. ഒഞ്ചിയത്ത് ആർഎംപി രൂപീകരിക്കുന്ന സമയത്ത് സമാനമായ അക്രമസംഭങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആർഎംപി രൂപീകരണസമയത്ത് സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസ് കത്തിക്കുകയും അതിനുശേഷം അന്നത്തെ പാർട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വിമതരായ കമ്മ്യൂണിസ്റ്റുകാരെ കുലംകുത്തികളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് 14 വർഷമായിട്ടും ആ സംഭവത്തിൽ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല വടകരയിലെ പാർട്ടി ഓഫീസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. സിപിഎം നേതാവായിരുന്ന ഇ.കെ നാരായണന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. ഇത് പോലുള്ള നിരവധി സംഭവങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയുമെന്നും രമ പറഞ്ഞു.

എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ ഒരു പ്രതിയെപ്പോലും പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷ തങ്ങൾക്കില്ല. കള്ളൻ കപ്പലിൽ തന്നെയാണ്, കപ്പിത്താനാരാണെന്ന് മാത്രമേ ഇനി കണ്ടെത്താനുള്ളൂവെന്നും രമ കൂട്ടിച്ചേർത്തു. കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കുന്നതാണ് നല്ലതെന്നും കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഈ സംഭവമെന്നും എസ്എഫ്ഐക്കാർ വാഴ നടേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയിലായിരുന്നുവെന്നും രമ പറഞ്ഞു.

TAGS :

Next Story