യുവതികളുടെ ഫോട്ടോ അയച്ച് ഡീൽ ഉറപ്പിക്കും, ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകര്‍ത്തി; ദിവസം നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ
കേസിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളും ഗുണ്ടാബന്ധത്തെക്കുറിച്ചുമുള്ള അന്വേഷണത്തിലാണ് പൊലീസ്

കൊച്ചി: മോഡലിങ്ങിന്‍റെ മറവിൽ യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുവതികളെ വിദേശത്ത് എത്തിച്ചുകഴിഞ്ഞാൽ ആദ്യം മയക്കുമരുന്ന് നൽകി നഗ്നദൃശ്യങ്ങൾ പകര്‍ത്തും. പിന്നീട് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം യുവതികളെ പിന്നീട് ലൈംഗികവൃത്തിക്ക് നിർബന്ധിച്ചിരുന്നത്.
യുവതികളെ ദുബൈയിൽ എത്തിച്ചാലുടൻ ഇവരുടെ ഫോട്ടോകൾ വാട്‌സാപ്പ് വഴി കൈമാറിയാണ് സംഘം 'ഡീൽ' ഉറപ്പിക്കുന്നത്. ലൈംഗികചൂഷണത്തിനിരയാക്കുമ്പോൾ ഒളിക്യാമറ സ്ഥാപിച്ച് ഈ ദൃശ്യങ്ങളും പകർത്തിയിരുന്നു. ഒരു ഇടപാടിലൂടെ മാത്രം ഏകദേശം 25,000 രൂപയാണ് സമ്പാദിച്ചിരുന്നത്. ഇത്തരത്തിൽ ഒരുദിവസം മാത്രം ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നിരുന്നതായുമായാണ് വിവരം.
കേസിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളും ഗുണ്ടാബന്ധത്തെക്കുറിച്ചുമുള്ള അന്വേഷണത്തിലാണ് പൊലീസ്. കേസിൽ പിടിയിലായ മോഡലും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ അലീന ഏബ്രഹാം, ഗുരുവായൂര്‍ സ്വദേശി ടോയ്സി സിന്ധു, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവർക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് ഗുണ്ടകളുടെ ഒത്താശയുണ്ടെന്നും കൊച്ചി സിറ്റി ഡിസിപി നേരിട്ട് നേതൃത്വം നൽകുന്ന അന്വേഷണസംഘം കണ്ടെത്തി.
കേസിൽ നേരിട്ട് പങ്കുള്ള രണ്ടുപേരെ കൂടി എത്രയും വേഗം പിടികൂടാനാണ് സംഘം ശ്രമിക്കുന്നത്. മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത സിന്ധുവിനെ ഇന്ന് വൈകീട്ടോടെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. തുടർന്ന് അലീനയെയും മഞ്ജിമയെയും ഉൾപ്പടെ മൂന്നുപേരെയും ഒരുമിച്ച് പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
സംഘടിതമായ കുറ്റകൃത്യമാണ് നടന്നതെന്ന് കൊച്ചി കമ്മീഷണര്‍ കാളിരാജ് മഹേഷ്‍കുമാര്‍ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇരകളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടന്നതായി ഇതുവരെ വിവരമില്ല . ഗുണ്ടാബന്ധത്തിൽ വിശദമായ അന്വേഷണം നടക്കുന്നു . സിന്ധുവിനെ ചോദ്യം ചെയുന്നത് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. സിനിമാ താരങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കും . ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ പോസ്റ്ററിൽ ചില താരങ്ങളുടെ ഫോട്ടോ കണ്ടിരുന്നു.
Adjust Story Font
16

