Quantcast

'വിദേശപര്യടനത്തിനായിരുന്നു പ്രാധാന്യം'; കോടിയേരിയുടെ തിരുവനന്തപുരത്തെ പൊതുദർശനം പിണറായി അട്ടിമറിച്ചെന്ന് സുധാകരൻ

''തലസ്ഥാനത്ത് ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കണമെന്ന് ചെന്നൈയിലെ ആശുപത്രിയിൽ വച്ച് എം.വി ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിരുന്നു.''

MediaOne Logo

Web Desk

  • Published:

    3 Oct 2023 6:47 AM GMT

K Sudhakaran,alleges that the Kerala CM Pinarayi Vijayan had sabotaged late CPM leader Kodiyeri Balakrishnans morning at Thiruvananthapuram, K Sudhakaran, Kodiyeri Balakrishnan, KPCC President, Pinarayi Vijayan
X

കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ പൊതുദർശനം അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കോടിയേരിയെക്കാൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രാധാന്യം നൽകിയത് വിദേശ പര്യടനത്തിനാണ്. കോടിയേരിക്ക് സി.പി.എം നൽകിയ യാത്രയയപ്പ് കുടുംബത്തെ വേദനിപ്പിച്ചു. ഇക്കാര്യത്തിൽ പിണറായി മറുപടി പറയണമെന്നും സുധാകരൻ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തലസ്ഥാനത്ത് പൊതുദർശനത്തിനുവയ്ക്കണമെന്ന് കുടുംബം ആവശ്യപ്പട്ടിരുന്നു. എന്നിട്ടും അത് അട്ടിമറിച്ചത് പിണറായി വിജയനാണെന്ന് സുധാകരൻ ആരോപിച്ചു. കോടിയേരിയെക്കാൾ പിണറായി പ്രാധാന്യം നൽകിയത് വിദേശ പര്യടനത്തിനായിരുന്നു. വൻകിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാൽ അതു മാറ്റിവയ്ക്കാൻ പിണറായി തയാറായില്ല. 2022 ഒക്ടോബർ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതിയതി പുലർച്ചെ പിണറായി വിദേശത്തേക്കു പറന്നു. തിരുവനന്തപുരത്ത് പൊതുദർശനവും തുടർന്ന് വിലാപയാത്രയും നടത്തിയാൽ പിണറായിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സി.പി.എമ്മിന്റെ എല്ലാ കീഴ്വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാർട്ടിക്കു നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയയപ്പ് നൽകിയതെന്ന് സുധാകരൻ വിമർശിച്ചു.

തലസ്ഥാനത്ത് ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കണമെന്ന് കുടുംബം സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഒന്നാം ചരമവാർഷികവേളിൽ വെളിപ്പെടുത്തിയത്. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ, ഗോവിന്ദൻ മാഷിനോട് ഇത് അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണമെന്ന് മക്കൾ പറഞ്ഞിരുന്നുവെന്നും വിനോദിനി വെളിപ്പെടുത്തി. ഭൗതികശരീരവുമായി ദീർഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതുകൊണ്ടാണ് നേരെ കണ്ണൂരിലേക്കു കൊണ്ടുപോയതെന്ന പാർട്ടിയുടെ വിശദീകരണമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ അടപടലം പൊളിഞ്ഞത്. കുടുംബത്തിൽനിന്നുയർന്ന പരാതിക്ക് പിണറായി വിജയൻ മറുപടി പറഞ്ഞേ തീരുവെന്നും സുധാകരൻ ആവശ്യപ്പെട്ടു.

''കോടിയേരിയുടെ ഭൗതികശരീരം ചെന്നൈയിൽനിന്ന് നേരെ കണ്ണൂരിലേക്കു കൊണ്ടുപോയി സംസ്‌കരിച്ചത് പാർട്ടിയുടെ എല്ലാ കീഴ്വഴക്കങ്ങളും കാറ്റിൽപ്പറത്തിയാണ്. എ.കെ.ജിയുടെ ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യമ്പലത്തെത്താൻ രണ്ടു ദിവസമെടുത്തു. ഇ.കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യമ്പലത്തേക്കു കൊണ്ടുപോയത് പതിനായിരങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയാണ്. കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകം തയാറാക്കിയ ബസിലായിരുന്നു ഇവരുടെ അന്ത്യയാത്ര. ഇവരുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് അനുശോചന ദുഃഖാചരണം നടത്തിയെങ്കിലും കോടിയേരിയുടെ കാര്യത്തിൽ അതും ഉണ്ടായില്ല.''

ആഭ്യന്തരമന്ത്രിയായും പാർട്ടി സെക്രട്ടറിയായും എം.എൽ.എയായും ദീർഘകാലം പ്രവർത്തിച്ച കോടിയേരിയുടെ പ്രധാനപ്പെട്ട ഒരു കർമഭൂമി തിരുവനന്തപുരമായിരുന്നു. കണ്ണൂരിനു പുറത്തും അദ്ദേഹം ജനകീയനായിരുന്നു. അദ്ദേഹത്തിന് തിരുവനന്തപുരത്തും അവിടെനിന്ന് കണ്ണൂർ വരെയും വിലാപയാത്രയിൽ ലഭിക്കുമായിരുന്ന ജനപങ്കാളിത്തം ചിലരെ അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

Summary: K Sudhakaran, KPCC President, alleges that the Kerala CM Pinarayi Vijayan had sabotaged late CPM leader Kodiyeri Balakrishnan's morning at Thiruvananthapuram.

TAGS :

Next Story