മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണം; മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി കൊടുവള്ളി മണ്ഡലം കമ്മിറ്റി
കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നാവശ്യവുമായി മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നാവശ്യവുമായി മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി. ആവശ്യം കാണിച്ചു കൊണ്ട് മണ്ഡലം കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിക്ക് കത്ത് നൽകി. മണ്ഡലത്തിന് പുറത്തുള്ള നേതാക്കളായ കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നാവശ്യവുമായി മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്.
ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എ.പി മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റും മുൻ എംഎൽഎയുമായ വി.എം ഉമ്മർ മാസ്റ്റർ എന്നിവരാണ് മണ്ഡലത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ. എം.കെ മുനീറാണ് നിലവിലെ കൊടുവള്ളി എംഎൽഎ. ലീഗിനെ സംബന്ധിച്ച് വിഭാഗിയത വലിയ തലവേദന സൃഷ്ടിക്കുന്ന മണ്ഡലമാണ് കൊടുവള്ളി. പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവരെ ഇടതുമുന്നണിയിലേക്ക് എത്തിച്ചതും കൊടുവള്ളിയിലെ പ്രാദേശിക വിഭാഗിയതയാണ്. നിലവിലെ എംഎൽഎ ആയ എം.കെ മുനീർ കോഴിക്കോട് സൗത്തിലേക്ക് മാറി മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിന് പുറത്തുള്ളവരെ കൊടുവള്ളിയിലേക്ക് പരിഗണിക്കരുത് എന്ന ആവശ്യം പ്രാദേശിക നേതൃത്വം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലീഗ് മണ്ഡലം കമ്മിറ്റിയുടെ യോഗം ചേർന്നിരുന്നു. യോഗത്തിലെ തീരുമാനപ്രകാരമാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന് കത്ത് നൽകിയിരിക്കുന്നത്. മുസ് ലിം ലീഗിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് കൊടുവള്ളി. നിരവധി നേതാക്കളും മണ്ഡലത്തിൽ തന്നെയുണ്ട്. ഇനിയും പുറത്ത് നിന്നുള്ള നേതാക്കളെ കൊണ്ടുവന്ന് മണ്ഡലത്തിലുള്ള നേതാക്കളുടെ അവസരം നഷ്ടപ്പെടുത്തരുത് എന്നാണ് പ്രദേശിക നേതൃത്വം പറയുന്നത്.
Adjust Story Font
16

