'ടി.കെ ഗോവിന്ദനെ കോൺഗ്രസ് പിന്തുണയ്ക്കരുത്': സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച് കെപിസിസി അംഗം കൊയ്യം ജനാർദ്ദനൻ
കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് ടി.കെ ഗോവിന്ദൻ പറഞ്ഞു

കണ്ണൂർ: സിപിഎം വിമതൻ ടി.കെ ഗോവിന്ദനെ പിന്തുണക്കുന്നതിനെ ചൊല്ലി തളിപ്പറമ്പ് കോൺഗ്രസിൽ കലാപം. സ്വതന്ത്ര സ്ഥാനാർഥിയായി കെപിസിസി അംഗം കൊയ്യം ജനാർദ്ദനൻ പത്രിക സമർപ്പിച്ചു. ഗോവിന്ദൻ്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് ടി.കെ ഗോവിന്ദൻ പറഞ്ഞു.
സി പി എം ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന ടി.കെ. ഗോവിന്ദനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയ നേതൃത്വത്തിൻ്റെ തീരുമാനം താഴെത്തട്ടിലുള്ള പ്രവർത്തകർ ഇതുവരെ ഉൾക്കൊണ്ടിട്ടില്ല. പ്രതിഷേധം പലതരത്തിൽ ഉയരുന്നത് നേതൃത്വത്തെ വെട്ടിലാക്കി. പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി പാർട്ടി ചിഹ്നം നൽകാമെന്ന വാഗ്ദാനം കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചു. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് ടി.കെ. ഗോവിന്ദൻ തന്നെ വ്യക്തമാക്കി.
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെയടക്കം നേരിൽ കണ്ട് സമവായ ശ്രമം ഗോവിന്ദൻ ഊർജ്ജിതമായി തുടരുന്നുണ്ട്. അതിനിടെ ആണ് കൊയ്യം ജനാർദനൻ സ്വതന്ത്രനായി പത്രിക സമർപ്പിച്ചത്. മത്സരത്തിൽ നിന്ന് ഒരു തരത്തിലും പിൻമാറില്ലെന്ന് ജനാർദ്ദനൻ വ്യക്തമാക്കി.
പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തുടർന്നുണ്ടായ മുൻതൂക്കം ടി.കെ ഗോവിന്ദൻ്റെ സ്ഥാനാർഥിത്വത്തിലൂടെ ഇല്ലാതായെന്ന വികാരം യുഡിഎഫ് അണികളിൽ ശക്തമാണ്.
Adjust Story Font
16

