'ആരുടെ പട്ടിണിയാണ് സർക്കാർ മാറ്റിയത്, സർക്കാരിന്‍റെ കണക്കുകൾ തെറ്റ്'; സണ്ണി ജോസഫ്
ദാരിദ്ര്യമുക്ത പരിപാടിയിൽ നടന്മാർ പങ്കെടുക്കുന്നത് ശരിയല്ലെന്നും ഇത്തരം വഞ്ചനയ്ക്ക് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തട്ടിപ്പെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിന്റെ കണക്കുകൾ പൂർണമായും തെറ്റാണ്. ജനങ്ങൾ ഈ തട്ടിപ്പ് വൈകാതെ മനസ്സിലാക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. പുനസംഘടിപ്പിച്ച കെപിസിസി പ്രസിഡൻ്റുമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിലൂടെ സർക്കാർ നടത്തുന്നത് വലിയ തട്ടിപ്പാണ്. പാവപ്പെട്ടവർക്കുള്ള പണം പോലും സർക്കാരിന്റെ പ്രചാരണത്തിനായിട്ടാണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് വീട്ടമ്മ പട്ടിണിമരണത്തിരയായപ്പോഴാണ് പ്രഖ്യാപനം. പ്രഖ്യാപനത്തിലൂടെ ആരുടെ തട്ടിപ്പാണ് സർക്കാർ മാറ്റിയതെന്ന് മനസ്സിലാകുന്നില്ല. ജനം വൈകാതെ ഇത് തിരിച്ചറിയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുൻകാല പ്രാബല്യത്തോടെ ക്ഷേമപെൻഷനുകൾ നൽകുമോയെന്നറിയില്ല. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് മനസ്സിലാകും. ദാരിദ്ര്യമുക്ത പരിപാടിയിൽ നടന്മാർ പങ്കെടുക്കുന്നത് ശരിയല്ലെന്നും ഇത്തരം വഞ്ചനയ്ക്ക് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പുനസംഘടിപ്പിച്ച കെപിസിസി പ്രസിഡന്റുമാരുടെ യോഗം ചേർന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ജയപ്രതീക്ഷയുണ്ടെന്നും സീറ്റ് വിഭജന ചർച്ചയിലേക്ക് വൈകാതെ കടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ശബരിമലയിൽ കുറ്റക്കാരെ കണ്ടെത്താൻ സർക്കാർ തയ്യാറാകുന്നില്ല. കേസിൽ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ദേവസ്വം ബോർഡിനെ പിരിച്ച് വിടാതെ കാലാവധി നീട്ടി നൽകുന്ന സർക്കാരിന്റെ ഈ തട്ടിപ്പ് വൈകാതെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ചേർന്ന കെപിസിസി നേതൃയോഗത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് നേതാക്കൾ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകൾ ജീവൻ മരണപോരാട്ടമാണെന്നും ഐക്യത്തോടെ പ്രവർത്തിച്ചാൽ രണ്ട് തെരഞ്ഞെടുപ്പിലും വിജയിക്കാമെന്നും നേതൃയോഗം വിലയിരുത്തി. പുതിയ ഭാരവാഹികൾക്കുള്ള ചുമതല ഉടൻ വീതിച്ചുനൽകും.
Adjust Story Font
16

