വിവാദ ഫോണ്‍ സംഭാഷണം: ഗൂഢാലോചനയില്ലെന്ന് പാലോട് രവി; അന്വേഷിക്കാൻ കെപിസിസി
തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല

തിരുവന്തപുരം: പാലോട് രവിയുടെ രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണ ചോര്‍ച്ച കെപിസിസി അന്വേഷിക്കും. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. വിവാദ ഫോണ്‍ സംഭാഷണം ചോര്‍ന്നത് എങ്ങനെയെന്നും അതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷിക്കുക. വേഗത്തില്‍ റിപോര്‍ട്ട് വേണമെന്നാണ് കെപിസിസി അധ്യക്ഷന്‍റെ നിര്‍ദേശം.
അതിനിടെ, തിരുവനന്തപുരം ഡിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി എന്‍ ശക്തന്‍ ചുമതലയേറ്റു. ചടങ്ങില്‍ പാലോട് രവിയും പങ്കെടുത്തു. ഗൂഢാലോചന സംശയിക്കുന്നില്ലെന്ന് പാലോട് രവി പ്രതികരിച്ചു. മോദിയെ പുകഴ്ത്തിയാല്‍ കോണ്‍ഗ്രസില്‍ നടപടി ഇല്ലെന്ന മന്ത്രി എം.ബി രാജേഷ് വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ രംഗത്ത് വന്നു. ആര്‍എസിഎസിനെ പുകഴ്ത്തിയത് ആരെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു രാജേഷിന് കോണ്‍ഗ്രസിന്‍റെ മറുപടി.
Adjust Story Font
16

