Quantcast

ഹംസയ്‌ക്കെതിരായ നടപടി ലീഗ് ഉന്നതാധികാര സമിതി ചേരാതെ, ഭരണഘടനാവ്യവസ്ഥകളും പാലിച്ചില്ല; അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കൾ

ഉന്നതാധികാര സമിതിയിൽ അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, എം.കെ മുനീർ തുടങ്ങിയവരൊന്നും കെ.എസ് ഹംസയ്‌ക്കെതിരായ നടപടി അറിഞ്ഞിട്ടില്ല

MediaOne Logo

രാഷ്ട്രീയകാര്യ ലേഖകന്‍

  • Updated:

    2022-07-19 01:03:37.0

Published:

18 July 2022 4:58 PM GMT

ഹംസയ്‌ക്കെതിരായ നടപടി ലീഗ് ഉന്നതാധികാര സമിതി ചേരാതെ, ഭരണഘടനാവ്യവസ്ഥകളും പാലിച്ചില്ല; അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കൾ
X

കോഴിക്കോട്: മുസ്‌ലിം ലീഗ് പ്രവർത്തക സമിതിയിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചതിന് പിറകേ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പദവികളിൽനിന്ന് നീക്കിയത് ഉന്നതാധികര സമിതി ചേരാതെ. അച്ചടക്കനടപടിക്ക് പാർട്ടി ഭരണഘടന നിഷ്‌കർഷിക്കുന്ന വ്യവസ്ഥകളും കീഴ്വഴക്കങ്ങളും പരിഗണിച്ചില്ല. ഇക്കാര്യത്തിലുള്ള അതൃപ്തി പല നേതാക്കളും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

ശനിയാഴ്ച കൊച്ചിയിൽ ചേർന്ന പ്രവർത്തകസമിതിയിലെ നാടകീയ രംഗങ്ങൾക്കുശേഷം കെ.എസ് ഹംസക്കും കെ.എം ഷാജിക്കുമെതിരെ നടപടി വേണമെന്ന കടുത്ത നിലപാടിലായിരുന്നു കുഞ്ഞാലിക്കുട്ടി. ഇരുവർക്കുമെതിരെ നടപടിയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാട് കുഞ്ഞാലിക്കുട്ടി പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കു മുന്നിൽ ശക്തമായി ഉന്നയിച്ചു. ഞായറാഴ്ച തൃശൂരിലെ ഒരു വിവാഹ ചടങ്ങിനിടെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് നടപടിയുടെ കാര്യത്തിൽ സാദിഖലി തങ്ങൾ തീരുമാനമെടുത്തത്.

ഉന്നതാധികാര സമിതിയിലെ മറ്റ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, എം.കെ മുനീർ തുടങ്ങിയവരൊന്നും ഇക്കാര്യം അറിഞ്ഞതേയില്ല. തിങ്കളാഴ്ച പുറത്തിറങ്ങിയ പാർട്ടി മുഖപത്രത്തിലാണ് ഹംസയെ പദവികളിൽനിന്ന് നീക്കിയ തീരുമാനം നേതാക്കളെല്ലാം അറിയുന്നത്. ഉന്നതാധികാര സമിതി അംഗങ്ങളോട് ഫോണിൽ പോലും ചർച്ച ചെയ്യാതെ എടുത്ത നടപടിയിൽ നേതാക്കളിൽ പലരും അമർഷത്തിലാണ്. ഹരിത വിവാദത്തിലും മറ്റുമായി നേരത്തെ കൈക്കൊണ്ട നടപടികളെല്ലാം ഉന്നതാധികാര സമിതി അംഗങ്ങളുടെ അറിവോടെയായിരുന്നെങ്കിൽ ഹംസയുടെ കാര്യത്തിൽ ഇതൊന്നുമുണ്ടാകാത്തതിലുള്ള അത്ഭുതം നേതാക്കൾ പ്രകടിപ്പിച്ചു.

സജി ചെറിയാന്റെ കുന്തവും കൊടച്ചക്രവും ലീഗിന്റെ ഭരണഘടനയും

പാർട്ടി ഭരണഘടന പ്രകാരമുള്ള വ്യവസ്ഥകളും ഇക്കാര്യത്തിൽ ലംഘിക്കപ്പെട്ടു. പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധമായി സംഘടനാ പ്രവർത്തനം നടക്കുന്നതിലെ അതൃപ്തി എറണാകുളം പ്രവർത്തകസമിതിയിൽ കെ.എം ഷാജി ശക്തമായി ഉന്നയിച്ചിരുന്നു. സജി ചെറിയാൻ ഇന്ത്യൻ ഭരണഘടനയെ കുറിച്ച് പറഞ്ഞ കുന്തവും കൊടച്ചക്രവും പരാമർശം ലീഗ് ഭരണഘടനയ്ക്കാണ് ചേരുകയെന്നായിരുന്നു ഷാജിയുടെ പരാമർശം. പാർട്ടി ഭരണഘടനയിൽ ഉന്നതാധികാര സമിതി എന്ന ബോഡി ഇല്ലെങ്കിലും സാധാരണ എല്ലാ അച്ചടക്ക നടപടികളും ഈ ഫോറത്തിൽ ചർച്ച ചെയ്യാറുണ്ട്. അത്തരം കീഴ്‌വഴക്കം പോലും ഹംസയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടതോടെ പാർട്ടി ഭരണഘടന സംബന്ധിച്ച ചർച്ച സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്.

പാർട്ടി ഭരണഘടന പ്രകാരം അച്ചടക്കസമിതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ സസ്‌പെൻഷനോ മറ്റോ നടത്താനാകൂ. അച്ചടക്കലംഘനം സംബന്ധിച്ച കാര്യങ്ങൾ വിവരിച്ച് നോട്ടിസ് നൽകി മറുപടിക്ക് ഏഴു ദിവസം കാക്കണം. അതിനിടയിൽ സംസ്ഥാന പ്രസിഡന്റിന് അപ്പീൽ സമർപ്പിക്കാൻ ആരോപണവിധേയന് അവസരമുണ്ട്. ഇതൊന്നും ഹംസയുടെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. പാർട്ടി ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ഷൈജലിനെ സസ്‌പെൻഡ് ചെയ്ത പാർട്ടി നടപടി കോടതി റദ്ദാക്കിയിരുന്നു. ഉന്നതാധികാര സമിതിയുടെ അറിവോടെയാണ് ഷൈജലിനെതിരായ നടപടി എടുത്തതെങ്കിലും പാർട്ടി ഭരണഘടന വ്യവസ്ഥ ചെയ്ത നടപടിക്രമങ്ങൾ പാലിക്കാത്തതാണ് കോടതിയിൽ തിരിച്ചടിയായത്.

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീറും പി.വി അബ്ദുൽ വഹാബും ഇപ്പോൾ ഡൽഹിയിലാണ്. വെള്ളിയാഴ്ച ഇരുവരും മടങ്ങിയെത്തിയ ശേഷം ഇതു സംബന്ധിച്ച ചർച്ചകൾ നടക്കാനാണ് സാധ്യത.

Summary: KS Hamza was expelled without discussion in Muslim League high-power committee; a group of leaders are dissatisfied that the action is not in accordance with the party constitution

TAGS :

Next Story