നഞ്ചൻകോട്ട് കെഎസ്ആർടിസി ബസിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.

ബംഗളൂരു: കർണാടകയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മൈസൂരിന് സമീപം നഞ്ചൻകോട്ട് പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗത്ത് തീപടർന്നതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു.
മുന്നിൽ നിന്ന് തീ അതിവേഗം മറ്റ് ഭാഗത്തേക്ക് പടരുകയും ബസ് പൂർണമായും കത്തിനശിക്കുകയുമായിരുന്നു. തീപിടിത്തത്തിൽ യാത്രക്കാരുടെ ഫോണുകളും സാധനങ്ങളും നിരവധി രേഖകളും കത്തിനശിച്ചു. പാസ്പോർട്ട് അടക്കമുള്ളവയാണ് കത്തിനശിച്ചത്. അപകടത്തെ തുടർന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ കേരളത്തിലെത്തിച്ചത്.
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിനും തീപിടിച്ചു. തിരുവനന്തപുരം ചെങ്കോട്ട മലയോര ഹൈവേയിൽ കലയപുരത്ത് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. വിമാനത്താവളത്തിൽ പോയി മടങ്ങിവന്ന കാറാണ് കത്തിനശിച്ചത്.
പുക ഉയരുന്നത് കണ്ട് കാറിലെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തമിഴ്നാട് കടയനല്ലൂർ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു.
Adjust Story Font
16

