Quantcast

കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ താനുണ്ടാക്കിയതല്ല, ഇപ്പോൾ നന്നായില്ലെങ്കിൽ ഒരിക്കലും നന്നാകില്ല: ബിജു പ്രഭാകർ

ഇന്ന് മുതൽ യൂട്യൂബിൽ അഞ്ച് എപ്പിസോഡുകളിലായി കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ വിശദീകരിക്കുമെന്ന് ബിജു പ്രഭാകർ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-07-15 15:41:02.0

Published:

15 July 2023 1:58 PM GMT

biju prabhakar
X

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധി വിശദീകരിച്ച് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) ബിജു പ്രഭാകർ. കെഎസ്ആർടിസിയെ സംബന്ധിച്ച കാര്യങ്ങൾ ഫേസ്ബുക്ക് ലൈവ് വഴിയാണ് അദ്ദേഹം വിശദീകരിച്ചത്. ഇന്ന് മുതൽ യൂട്യൂബിൽ അഞ്ച് എപ്പിസോഡുകളിലായി കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഏറെ വൈകാരികമായാണ് ബിജു പ്രഭാകർ പ്രതികരിച്ചത്. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ താനുണ്ടാക്കിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയോട് ഉള്ള താത്പര്യം കാരണം അഞ്ച് വർഷത്തെ പദ്ധതിയുമായിട്ടാണ് താന്‍ വന്നത്. കോവിഡ് പ്രതിസന്ധിയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൃത്യമായി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ഉണ്ടാക്കുന്ന എല്ലാ നഷ്ടവും സർക്കാർ നൽകണമെന്ന് പറയാൻ കഴിയില്ല. സർക്കാർ സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും കാര്യം നേടണമെങ്കില്‍ ഒരു ശത്രുവിനെ വേണം. തന്റെ പ്രവർത്തനം ദുഷ്ടലാക്കോടെയാണെന്ന് കരുതുന്നവർക്ക് ഇവിടെ തന്നെ മറുപടി പറയും. ശരിയായ ദിശയിൽ തന്നെയാണ് പോകുന്നത്. നല്ലൊരു വിഭാഗം ജീവനക്കാരും ഉദ്യോഗസ്ഥരും അങ്ങനെ തന്നെ വിശ്വസിക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി നന്നാക്കണം എന്നാണ് സര്‍ക്കാര്‍ നയം. സ്ഥാപനം നിലനിൽക്കണമെങ്കിൽ കൂട്ടായി പ്രവർത്തിക്കണം. കെ.എസ്.ആര്‍.ടി.സി നശിച്ചുപോകരുത് എന്നാണ് ആഗ്രഹമെന്നും ബിജു പ്രഭാകർ പറഞ്ഞു. യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ഒരു വിഭാഗം ജീവനക്കാർ അജണ്ടയോടെ പ്രവർത്തിച്ചു. താന്‍ ജീവനക്കാരെ തന്തക്ക് വിളിച്ചു എന്ന് വരെ ചില നേതാക്കള്‍ പറഞ്ഞു. എന്നാൽ, തന്നെ തന്തക്ക് വിളിച്ചവർക്കെതിരെ പോലും നടപടി എടുത്തിട്ടില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല.

സമരക്കാരെ താന്‍‌ ഒരു ഘട്ടത്തിലും പ്രകോപിച്ചിട്ടില്ല. ഇപ്പോൾ നന്നായില്ലെങ്കില്‍ കെഎസ്ആർടിസി ഇനി ഒരിക്കലും നന്നാകില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആർടിസിയെ മുന്നോട്ട് നയിക്കാൻ എല്ലാവരും പിന്തുണക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കെഎസ്ആർടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ കണ്ടതിന് പിന്നാലെയായിരുന്നു ബിജു പ്രഭാകറിന്റെ ഫേസ്ബുക്ക് ലൈവ്.

ഈ മാസം 20നു മുൻപ് ജീവനക്കാർക്കു ശമ്പളം നൽകിയില്ലെങ്കിൽ സിഎംഡി നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. 30 കോടിരൂപയാണു ശമ്പളത്തിനായി ധനവകുപ്പ് നൽകുന്നത്. ഇന്നലെ ആദ്യഗഡു മാത്രമാണ് നൽകാനായത്.ധനവകുപ്പ് നൽകിയ പണം ആദ്യഗഡു നൽകാനേ തികയു എന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു

TAGS :

Next Story