Quantcast

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ വർഗീസ് അടക്കം നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    11 Dec 2023 3:30 AM GMT

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ
X

കൊച്ചി: പെരുമ്പാവൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ വർഗീസ്, ചേർത്തല സ്വദേശി ദേവകുമാർ, ഇടുക്കി സ്വദേശി ജിബിൻ, ചേരാനല്ലൂർ സ്വദേശി ജെയ്ഡൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിന് കുറുപ്പുംപടി പൊലീസ് കേസെടുത്തിരുന്നു.

ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചായിരുന്നു ഷൂ എറിഞ്ഞത്. നവകേരള ബസ്സിന് നേരെയും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുമായിരുന്നു ഷൂ എറിഞ്ഞത്.അതിനിടെ പെരുമ്പാവൂരിൽ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു മർദനം. കെ.എസ്.യു, കോൺഗ്രസ് പതാകകളും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കത്തിച്ചു.

കെ.എസ്.യു പ്രതിഷേധത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഏറിലേക്ക് പോയാൽ അതിന്റേതായ നടപടികൾ സ്വാഭാവികമായി സ്വീകരിക്കേണ്ടിവരുമെന്നും അപ്പോൾ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് ഇവരുടെ പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ല. എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നവകേരള സദസ്സിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കരിങ്കൊടികൊണ്ട് മാത്രം പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ അതിനെ കയ്യൂക്ക് കൊണ്ട് നേരിടാൻ തീരുമാനിച്ച കേരളത്തിലെ ഡി.വൈ.എഫ്.ഐക്കും കേരള പൊലീസിനും എതിരെയുള്ള പ്രതികരണം കൂടിയാണ് മുഖ്യമന്ത്രിക്ക് നേരെ നടന്ന ഷൂ ഏറ്. സംസ്ഥാന വ്യാപകമായി അത് തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.


TAGS :

Next Story