പാലക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് കെഎസ്‍യു
സ്കൂൾ കോമ്പൗണ്ടിനുള്ളിൽ എങ്ങനെ സ്ഫോടക വസ്തു എത്തി എന്നുള്ളത് ഏറെ ദുരൂഹതകൾ വർധിപ്പിക്കുന്ന കാര്യമാണ്. സംഭവത്തിന് പിന്നിൽ ആർക്കൊക്കെയാണ് പങ്കുള്ളത് എന്നതിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു

പാലക്കാട്: വടക്കന്തറയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടുള്ളതല്ലെന്നും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുവാനുള്ള ഗൂഢശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ടെന്നും അജാസ് പറഞ്ഞു.
സ്കൂൾ കോമ്പൗണ്ടിനുള്ളിൽ എങ്ങനെ സ്ഫോടക വസ്തു എത്തി എന്നുള്ളത് ഏറെ ദുരൂഹതകൾ വർധിപ്പിക്കുന്ന കാര്യമാണ്. സംഭവത്തിന് പിന്നിൽ ആർക്കൊക്കെയാണ് പങ്കുള്ളത് എന്നതിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ അശാന്തിയുടെ ഭീതി പടർത്തുന്നവരെ ഒറ്റപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സ്കൂളുകളെ തീവ്രവാദ പ്രവർത്തനത്തിന്റെ ഇടങ്ങളായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. അജാസ് പറഞ്ഞു.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തെ നിയന്ത്രിക്കുന്നത്. അത് സംഭവത്തിന്റെ ദുരൂഹത കൂടുതൽ വർധിപ്പിക്കുന്നതാണ്. എത്രയും വേഗം ശക്തമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും അജാസ് ആവശ്യപ്പെട്ടു.
Adjust Story Font
16

