Quantcast

കോവിഡിൽ പൊലിഞ്ഞ പ്രവാസികൾക്കായി മാധ്യമത്തിന്റെ ആദരാഞ്ജലി; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കണ്ണുതുറപ്പിച്ച പ്രതിഷേധം-ജലീലിന്റെ ഉന്നം എന്തായിരുന്നു?

പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജന്മനാട്ടിലെ ഭരണകൂടങ്ങൾ തമ്മിൽ വാദപ്രതിവാദം തുടരുമ്പോഴായിരുന്നു മരണമടഞ്ഞ 300ലധികം മലയാളികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് മാധ്യമം അധികാരികളുടെ ശ്രദ്ധക്ഷണിച്ചത്

MediaOne Logo

Web Desk

  • Published:

    21 July 2022 12:30 PM GMT

കോവിഡിൽ പൊലിഞ്ഞ പ്രവാസികൾക്കായി മാധ്യമത്തിന്റെ ആദരാഞ്ജലി; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കണ്ണുതുറപ്പിച്ച പ്രതിഷേധം-ജലീലിന്റെ ഉന്നം എന്തായിരുന്നു?
X

കോഴിക്കോട്: മാധ്യമം ദിനപത്രം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി ജലീൽ യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചതായുള്ള ഗുരുതരമായ ആരോപണമാണ് സ്വർണക്കടത്തുകേസ് പ്രതിയായ സ്വപ്‌ന സുരേഷ് നടത്തിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയുള്ള ജലീലിന്റെ കത്തും കോൺസുലേറ്റ് ജനറലുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയുമെല്ലാം സ്വപ്‌ന ഇന്ന് കോടതിയിൽ സമർപ്പിച്ച മൊഴിയിലുണ്ട്.

എന്നാൽ, കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിച്ച അലംഭാവം തുറന്നുകാണിച്ച് 'പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം?' എന്ന തലക്കെട്ടോടെയുള്ള റിപ്പോർട്ടിന്റെ പേരിലായിരുന്നു ജലീൽ മാധ്യമത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗൾഫ് ഭരണാധികാരികൾക്ക് കത്തെഴുതിയതെന്നാണ് വ്യക്തമാകുന്നത്. 2020 ജൂൺ 24ന് പുറത്തിറങ്ങിയ പത്രത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിനിരയായി മരണമടഞ്ഞ മലയാളികളുടെ ചിത്രം ഒന്ന്, രണ്ട് പേജുകളിലായി പ്രസിദ്ധീകരിക്കുകയായിരുന്നു ചെയ്തത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടത്തെ ഭരണകൂടങ്ങൾ തമ്മിൽ വാദപ്രതിവാദം തുടരുമ്പോഴായിരുന്നു മരണമടഞ്ഞ 300ലധികം മലയാളികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് മാധ്യമം അധികാരികളുടെ ശ്രദ്ധക്ഷണിച്ചത്.

കോവിഡ് പടർന്നുപിടിച്ച് ഓരോ ദിവസവും പ്രവാസജീവൻ പൊലിയുമ്പോൾ പലതരത്തിലുള്ള നിബന്ധനകളുമായി പ്രവാസികളുടെ മടക്കം വൈകിപ്പിക്കുകയായിരുന്നു ഇവിടത്തെ ഭരണകൂടം. പ്രതിസന്ധികളുടെയും പ്രായോഗികതകളുടെയും കണക്കുകൾ പറഞ്ഞ് പിറന്ന നാട് പുറംതിരിഞ്ഞുനിൽക്കരുതെന്ന് പ്രവാസികൾക്ക് വേണ്ടി ആവശ്യപ്പെടുകയായിരുന്നു മാധ്യമം. ഗൾഫ് നാടുകളിലെ ഭരണാധികാരികൾ നൽകിയ സമാശ്വാസത്തിലായിരുന്നു പ്രവാസികൾ പുറംനാട്ടിൽ പിടിച്ചുനിന്നതെന്നുകൂടി സൂചിപ്പിച്ചായിരുന്നു മാധ്യമത്തിന്റെ റിപ്പോർട്ട്.

'പാർട്ടിയിൽ സ്വാധീനം കൂട്ടാൻ' യു.എ.ഇ ഭരണാധികാരികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചോ ജലീൽ?

ഹൈക്കോടതിയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മാധ്യമത്തിനെതിരെ വിദേശത്ത് നടപടിയെടുക്കാൻ ഇടപെടണമെന്ന് സ്വപ്നയോട് ജലീൽ ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രംസഹിതം മാധ്യമം നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. മാധ്യമത്തിലെ വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്റെ നിലപാട്. പത്രം നിരോധിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്നയോടും ആവശ്യപ്പെട്ടു. ഇത് പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്ന പറയുന്നു.

യു.എ.ഇ ഭരണാധികാരിക്ക് അയച്ച കത്തിന്റെ ഡ്രാഫ്റ്റും വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും സ്വപ്ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കത്തയച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനമാണിത്. ഇതോടൊപ്പം വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങൾക്കും ജലീൽ പദ്ധതിയിട്ടിരുന്നതായി സ്വപ്ന വെളിപ്പെടുത്തി.

ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രസാധകരായ മാധ്യമം 1987 ജൂൺ ഒന്നിന് കോഴിക്കോട് വെള്ളിമാടുകുന്നിൽനിന്നാണ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഒ. അബ്ദുറഹ്മാനാണ് നിലവിൽ മുഖ്യ പത്രാധിപർ. വി.എം ഇബ്രാഹീം പത്രാധിപരുമാണ്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊച്ചി, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ, ബെംഗളൂരു, മംഗളൂരു, മുംബൈ എന്നിങ്ങനെ ഇന്ത്യയിൽ 10 എഡിഷനുകൾക്കു പുറമെ ഒൻപത് ഗൾഫ് എഡിഷനുമുണ്ട് മാധ്യമത്തിന്.

TAGS :

Next Story