Quantcast

'ഫിറോസ് ലീഗിലെ പുഴുക്കുത്ത്'; ജലീൽ സഭയിൽ അംഗമല്ലാത്തയാളെ പരാമർശിച്ചിട്ടും മിണ്ടാതെ ലീഗ് അംഗങ്ങൾ

സഭയിൽ ഇല്ലാത്ത ആളെക്കുറിച്ച് വിമർശനമുണ്ടായാൽ അത് പിൻവലിക്കാനും സഭാ രേഖകളിൽ നിന്ന് നീക്കാനും ആവശ്യപ്പെടാറുണ്ട്. എന്നാൽ ഫിറോസിനെ ജലീൽ പരിഹസിച്ചപ്പോൾ പ്രതിപക്ഷ ബെഞ്ചിൽ നിന്ന് ഒരു ഇടപെടലും ഉണ്ടായില്ല

MediaOne Logo

Web Desk

  • Published:

    16 Sept 2025 7:13 PM IST

KT Jaleel Niyamasabha speech against Firos
X

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരെ നിയമസഭയിലും വിമർശനമുന്നയിച്ച് കെ.ടി ജലീൽ. എല്ലാ കോൺഗ്രസ് അംഗങ്ങളും രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെയോ എല്ലാ ലീഗ് അംഗങ്ങളും പി.കെ ഫിറോസിനെപ്പോലെയോ അല്ല എന്നായിരുന്നു ജലീൽ പറഞ്ഞത്.

ഒരു കുഞ്ഞിന് ജനിക്കാനുള്ള അവകാശം നിഷേധിച്ച് ഭ്രൂണത്തിൽ തന്നെ അതിനെ കൊന്നുകളഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെയാണോ എല്ലാ യൂത്ത് കോൺഗ്രസുകാരും എല്ലാ കോൺഗ്രസുകാരും. ഒരിക്കലുമല്ല, ഈ സഭയിലിരിക്കുന്ന കോൺഗ്രസ് നേതാക്കളെ ആ ഗണത്തിലല്ല താൻ കാണുന്നത്. നാട്ടിൽ രാഷ്ട്രീയപ്രവർത്തനം നടത്തുകയും അഞ്ചേകാൽ ലക്ഷം രൂപ ഗൾഫിൽ ശമ്പളം വാങ്ങുകയും ചെയ്യുന്ന പി.കെ ഫിറോസിനെപ്പോലെയാണോ എല്ലാ ലീഗുകാരും, അതെല്ലാം പുഴുക്കുത്തുകളാണ്. തന്റെ സുഹൃത്തുക്കളായ പി.ഉബൈദുല്ലയും ശംസുദ്ദീനും അത്തരത്തിലുള്ളവരല്ല.

അതുപോലെ പൊലീസിലും ചില പുഴുക്കുത്തുകളുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെയും പി.കെ ഫിറോസിനെയും പോലെയാണ് എല്ലാ യൂത്ത് കോൺഗ്രസുകാരും ലീഗുകാരും എന്ന് പറയുന്നത് പോലെയാണ് ചില പൊലീസുകാരെ ചൂണ്ടിക്കാട്ടി മുഴുവൻ പൊലീസും അങ്ങനെയാണെന്ന് പറയുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ വലിയ പൊലീസ് മർദനത്തിന് ഇരയായ ആളാണെന്നും ജലീൽ പറഞ്ഞു.

സാധാരണ സഭയിൽ ഇല്ലാത്ത ആളെക്കുറിച്ച് വിമർശനമുണ്ടായാൽ പരാമർശം പിൻവലിക്കാനും സഭാ രേഖകളിൽ നിന്ന് നീക്കാനും അംഗങ്ങൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഫിറോസിനെ ജലീൽ പരിഹസിച്ചപ്പോൾ പ്രതിപക്ഷ ബെഞ്ചിൽ നിന്ന് ഒരു ഇടപെടലും ഉണ്ടായില്ല. ലീഗ് അംഗങ്ങൾ മിണ്ടിയില്ല. ഫിറോസ് ഗൾഫിൽ നിന്ന് അന്യായമായി പണം പറ്റുന്നു എന്ന ജലീലിന്റെ ആരോപണത്തിൽ ലീഗ് അംഗങ്ങൾ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്.

TAGS :

Next Story