Quantcast

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതി; ആളുമാറി സ്വത്ത് കണ്ടുകെട്ടലിൽ പൊലീസിനെതിരെ കുഞ്ഞാലിക്കുട്ടി

'പോപുലർ ഫ്രണ്ടും മുസ്‌ലിം ലീഗും ഇരു ധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങൾ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ കേരള പൊലീസിലുള്ളത്?'

MediaOne Logo

Web Desk

  • Published:

    22 Jan 2023 6:54 AM GMT

Kunhalikutty, police, confiscation of property of league leader, pfi hartal,
X

കോഴിക്കോട്: പോപുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ പുരോ​ഗമിക്കവെ, ആളുമാറി വീട് ജപ്തി ചെയ്യുന്ന പൊലീസ് നടപടിക്കെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് ഇപ്പോൾ സ്വത്ത് കണ്ടുകെട്ടൽ നടപടികളിൽ പൊലീസ് സ്വീകരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പോപുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ ജനാധിപത്യവിരുദ്ധവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിന്റെ പേരിൽ ഏതൊരാളുടെ മേലും കുതിര കയറാമെന്ന പൊലീസ് നയം വച്ചുപൊറുപ്പിക്കാനാവില്ല. നിയമം നടപ്പാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. അല്ലാതെ നിരപരാധികളുടെ മേൽ അക്രമം കാണിക്കാനല്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പോപുലർ ഫ്രണ്ടും മുസ്‌ലിം ലീഗും ഇരു ധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങൾ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ കേരള പൊലീസിലുള്ളത്? പോപുലർ ഫ്രണ്ടുകാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്‌ലിം ലീഗിന്റെയും പോപുലർ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവർത്തകർക്ക് നേരെ അക്രമം കാണിച്ച പൊലീസ് നടപടി സർക്കാരിന്റെ നയം തന്നെയാണോ എന്നത് സർക്കാർ വ്യക്തമാക്കണം.

എന്ത്‌ തലതിരിഞ്ഞ നയമാണിത്? പൊലീസിന്റെ അനീതിയിൽ അധിഷ്ഠിതമായ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നടപടി നേരിട്ടവരിൽ ലീഗ് പ്രതിനിധിയായ പഞ്ചായത്ത് അംഗവും ഉൾ‌പ്പെട്ടതിനെതിരെയാണ് കുഞ്ഞാലിക്കുട്ടിയുടെ വിമർശനം. എടരിക്കോട് പഞ്ചായത്ത് മെമ്പർ സി.ടി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കണ്ടുകെട്ടൽ നോട്ടീസ് പതിച്ചത്.

മറ്റൊരാളുടെ പേരിന്റെ സാമ്യം കൊണ്ടാണ് നടപടിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും അഷ്‌റഫ് പറഞ്ഞിരുന്നു. ലീ​ഗ് നേതാവിന്റേത് കൂടാതെ അങ്ങാടിപ്പുറത്ത് രണ്ട് പേർക്കെതിരെ കൂടി ആളുമാറി ജപ്തി നടപടി സ്വീകരിച്ചിരുന്നു. മേൽവിലാസത്തിലെ സാമ്യത കൊണ്ട് ഉദ്യോഗസ്ഥർ തെറ്റായി ജപ്തി ചെയ്യുകയായിരുന്നുവെന്നുവെന്നാണ് നടപടി നേരിട്ടവർ പറയുന്നത്.

അതേസമയം, പോപുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ പ്രതിഷേധമറിയിച്ച് വിവിധ സംഘടനകൾ രം​ഗത്തെത്തിയിരുന്നു. വെൽഫെയർ പാർട്ടി, എസ്.കെ.എസ്.എസ്.എഫ്, ഐ.എസ്.എം, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് നീക്കത്തിനെതിരെ രം​ഗത്തെത്തിയത്.

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് ഇപ്പോൾ സ്വത്ത് കണ്ടെത്തൽ നടപടികളിൽ കേരള പോലീസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ ജനാധിപത്യവിരുദ്ധവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിന്റെ പേരിൽ ഏതൊരാളുടെ മേലിലും കുതിര കയറാമെന്ന പോലീസ് നയം വെച്ചുപൊറുപ്പിക്കാനാവില്ല.

കോടതി നിയമം നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്, അല്ലാതെ നിരപരാധികളുടെ മേൽ അക്രമം കാണിക്കാനല്ല. പോപ്പുലർ ഫ്രണ്ടും, മുസ്‌ലിം ലീഗും ഇരു ദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങൾ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ കേരള പോലീസിലുള്ളത് ?

പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്‌ലിം ലീഗിന്റെയും, പോപ്പുലർ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവർത്തകർക്ക് നേരെ അക്രമം കാണിച്ച പോലീസ് നടപടി സർക്കാറിന്റെ നയം തന്നെയാണോ എന്നത് സർക്കാർ വ്യക്തമാക്കണം. എന്ത്‌ തലതിരിഞ്ഞ നയമാണിത് ? പോലീസിന്റെ അനീതിയിൽ അധിഷ്ടിഷ്ഠിതമായ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.





TAGS :

Next Story