Quantcast

ഹർത്താൽ: പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടലിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ

വെൽഫെയർ പാർട്ടി, എസ്.കെ.എസ്.എസ്.എഫ്, ഐ.എസ്.എം, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് നീക്കത്തിനെതിരെ രംഗത്തെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-01-22 06:40:59.0

Published:

21 Jan 2023 1:32 PM GMT

ഹർത്താൽ: പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടലിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ
X

കോഴിക്കോട്: ഹർത്താലിൽ നാശനഷ്ടമുണ്ടാക്കിയെന്ന പേരിൽ പോപുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ. വെൽഫെയർ പാർട്ടി, എസ്.കെ.എസ്.എസ്.എഫ്, ഐ.എസ്.എം, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് നീക്കത്തിനെതിരെ രം​ഗത്തെത്തിയത്.

ഹർത്താലിൽ നാശനഷ്ടമുണ്ടാക്കിയെന്ന പേരിൽ പോപുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് വിവേചനപരവും വംശീയ വേർതിരിവുമാണെന്നാണ് വെൽഫെയർ പാർട്ടി വ്യക്തമാക്കിയത്. ഹർത്താലിന് മുൻകൂർ അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം കേരളത്തിൽ നിരവധി ഹർത്താലുകൾ നടന്നിട്ടുണ്ട്. അതിൽ പലതിലും അക്രമവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായത് കേരളം കണ്ടതാണ്.

അത്തരം ഒരു സംഭവവികാസത്തോടും സ്വീകരിക്കാത്ത കാർക്കശ്യ സമീപനം ഇപ്പോൾ മാത്രം സ്വീകരിക്കുന്നത് അത്ര നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രസ്താവനയിൽ പറഞ്ഞു. സംഘപരിവാർ കാലത്ത് ആർ.എസ്.എസ് ശത്രുക്കളായി പ്രഖ്യാപിച്ച ജനവിഭാഗങ്ങളെ അവസരങ്ങൾ സൃഷ്ടിച്ച് കൈകാര്യം ചെയ്യുന്ന രീതിയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.

അക്രമപ്രവർത്തനം ആരുടെ ഭാഗത്തുനിന്നായാലും അത് എതിർക്കപ്പെടേണ്ടതാണ്. പക്ഷേ, ചില പ്രത്യേക വിഭാഗങ്ങൾക്കെതിരെ മാത്രമായി അത് ഉപയോഗിക്കുമ്പോൾ പിന്നിലെ ലക്ഷ്യം വ്യക്തമാണ്. പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടിയ യു.പി സർക്കാരിന്റെയും ബുൾഡോസർ രാജ് നടപ്പാക്കിയ യു.പി, മധ്യപ്രദേശ്, ഹരിയാന, ഡൽഹി നഗരസഭ തുടങ്ങിയ ബി.ജെ.പി സർക്കാരുകളുടെയും വംശീയ വിവേചനത്തിന് സമാനമായ നടപടിയാണ് കേരളത്തിൽ ഹൈക്കോടതി നിർദേശത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ചുപിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണെന്നും എന്നാൽ ഈ പോപുലർ ഫ്രണ്ടുകാർ മാത്രമാണോ നമ്മുടെ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചതെന്നും

എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനവുമായി രം​ഗത്തെത്തിയത്. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണെന്നും ചോദിച്ചു.

പോപുലർ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്‌കാരമാണെന്നുവച്ച് പൊതുമുതൽ നശിപ്പിച്ച കുറ്റം അവരുടെ ഹർത്താൽ മുതൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യേണ്ടതല്ലെന്നും എന്നാൽ വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിന്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനീതിക്കിരയാവുന്നവർ അവർ ആരായാലും അവർക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പോപുലർ ഫ്രണ്ട് ഹർത്താൽ അക്രമങ്ങളിലെ നഷ്ടപരിഹാരത്തുക പ്രതികളിൽ നിന്നും ഈടാക്കാനുള്ള ഉത്തരവിന് മേൽ ഹൈക്കോടതി കാണിക്കുന്ന അമിതമായ താൽപര്യം വിവേചനപരമാണെന്ന് സോളിഡാരിറ്റി വ്യക്തമാക്കി. സമാനമായ സംഭവങ്ങളിൽ സ്വീകരിക്കാത്ത നടപടികൾ ഇക്കാര്യത്തിൽ ധൃതിയിൽ നടപ്പാക്കുന്നതിന് പിന്നിൽ കോടതിക്കുള്ള താൽപര്യങ്ങൾ ന്യായമായും സംശയിക്കേണ്ടതാണ്. ഹർത്താലിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ജാമ്യത്തിലിറങ്ങിയപ്പോൾ വ്യവസ്ഥയിൽ സൂചിപ്പിച്ച തുക കെട്ടിവച്ചിരുന്നു.

രാഷ്ട്രീയ പാർട്ടികളുടെയും നിരവധി ഹർത്താലുകൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിൽ പലതും അക്രമാസക്തമായിരുന്നു. കോടികളുടെ നഷ്ടങ്ങൾ സംഭവിച്ച ആ ഹർത്താലുകളുടെ നടപടികളിലൊന്നും കാണിക്കാത്ത ധൃതി ഇക്കാര്യത്തിൽ കോടതിയിൽ നിന്നുണ്ടാകുന്നത് തികച്ചും അസ്വാഭാവികമാണ്. ഒരു ഹർത്താലിൻ്റെ തുടർ നടപടിയായി വീട് ജപ്തിയും സ്വത്ത് കണ്ടുകെട്ടലുമൊക്കെ നൂറ് കണക്കിന് ഹർത്താലുകൾ നടന്നിട്ടുള്ള കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സംഭവിക്കുന്നത് എന്നത് കോടതി ഇടപെടലിൻ്റെ വിവേചന പരതയാണ് വെളിവാക്കുന്നതെന്നും സോളിഡാരിറ്റി പ്രസ്താവനയില്‍ വിശദമാക്കി.

ഹർത്താലിന്റെ പേരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ധൃതിപിടിച്ച നീക്കം അസ്വാഭാവികമാണെന്നും സ്വാഭാവിക നീതി നിഷേധിക്കരുതെന്നും ഐ.എസ്.എം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളും അല്ലാത്തവരും നിരവധി ഹർത്താലുകൾ കേരളത്തിൽ നടത്തിയിട്ടുണ്ട്. വിയോജിപ്പുകളെ ബുൾഡോസറുകൾ കൊണ്ട് നേരിടുന്ന ഉത്തരേന്ത്യൻ സമീപനത്തിന്റെ ആവർത്തനമായി ജപ്തി നപടികൾ മാറരുതെന്നും ഐ.എസ്.എം പ്രസ്താവനയിൽ അറിയിച്ചു.

ഹർത്താലിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ പുരോഗമിക്കുകയാണ്. പി.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന അബ്ദുല്‍ സത്താറിന്റെ കൊല്ലം കരുനാഗപ്പിള്ളിയിലെ വീടും 18 സെന്റ് വസ്തുവുമാണ് ആദ്യമായി ജപ്തി ചെയ്തത്. വിവിധ ജില്ലകളിലായി ഇതിനോടകം 100ലേറെ നേതാക്കളുടെ വീടും സ്വത്തുമാണ് അധികൃതർ കണ്ടുകെട്ടിയത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ജില്ലകളിൽ ജപ്തി നടപടികൾ പൂർത്തിയായി.

ഹർത്താൽ ദിനത്തിൽ 5.20 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൾ. ഹൈക്കോടതി നിർദേശത്തെ തുടർന്ന് റവന്യൂ അധികൃതരാണ് ജപ്തി ചെയ്യുന്നത്. നഷ്ടപരിഹാരത്തുക ഈടാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് കാട്ടി സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് തിരക്കിട്ട നടപടി. പോപുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പാർട്ടി ഹർത്താൽ നടത്തിയിരുന്നത്.

അതേസമയം, സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്ഥലവും കണ്ടുകെട്ടിയതായി പരാതിയുയർന്നിട്ടുണ്ട്. മലപ്പുറത്ത് മൂന്ന് പേർക്കാണ് ഇത്തരത്തിൽ നടപടി നേരിടേണ്ടിവന്നത്. അങ്ങാടിപ്പുറത്ത് രണ്ട് പേരും എടരിക്കോട് ഒരാളുമാണ് ജപ്തിക്കിരയായത്. അഡ്രസുകളിലെ സാമ്യത കൊണ്ട് ഉദ്യോഗസ്ഥർ തെറ്റായി ജപ്തി ചെയ്യുകയായിരുന്നുവെന്നുവെന്നാണ് നടപടി നേരിട്ടവർ പറയുന്നത്.

നടപടി നേരിട്ടവരിൽ ലീഗ് പ്രതിനിധിയായ പഞ്ചായത്ത് അംഗവും ഉൾപ്പെടുന്നു. എടരിക്കോട് പഞ്ചായത്ത് മെമ്പർ സി.ടി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കണ്ടുകെട്ടൽ നോട്ടീസ് പതിച്ചത്. മറ്റൊരാളുടെ പേരിന്റെ സാമ്യം കൊണ്ടാണ് നടപടിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും അഷ്‌റഫ് മീഡിയവണ്ണിനോട് പറഞ്ഞു.












Also Read:പി.എഫ്.ഐ ഹര്‍ത്താലിലെ നാശനഷ്ടം; ആളുമാറി ജപ്തിയെന്ന് പരാതി


TAGS :

Next Story