Quantcast

കുറുക്കൻമൂലയെ ഭീതിയിലാഴ്ത്തിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത്

15 വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് ഊർജിത ശ്രമങ്ങൾ തുടരുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    2021-12-15 01:58:38.0

Published:

15 Dec 2021 1:55 AM GMT

കുറുക്കൻമൂലയെ ഭീതിയിലാഴ്ത്തിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത്
X

രണ്ടാഴ്ചയായി വയനാട് മാനന്തവാടി കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തുന്ന കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. പാൽവെളിച്ചത്ത് വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ്.

15 വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് ഊർജിത ശ്രമങ്ങൾ തുടരുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞത്. കാട്ടിലിറങ്ങി ഇര തേടാനാവാത്ത വിധം അവശതയുള്ളതിനാലാകാം കെട്ടിയിട്ട വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് എന്ന സംശയത്തെ സാധൂകരിക്കുന്നതാണ് പുറത്തു വന്ന ചിത്രങ്ങൾ. എല്ലാ മൃഗങ്ങളും ഇതേ കടുവയുടെ ആക്രമണത്തിന് തന്നെയാണിരയായതെന്നാണ് വനംവകുപ്പ് നിഗമനം.

കൂടുവെച്ചും മയക്കുവെടിവെച്ചും കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, കടുവയെ കണ്ടെത്താൻ രാത്രികാല തെരച്ചിലിന് മുത്തങ്ങ ആനപന്തിയിൽ നിന്നുള്ള രണ്ട് കുങ്കിയാനകളെ കൂടി വനംവകുപ്പ് രംഗത്തിറക്കിയിരുന്നു. ഇന്നലെ മുതൽ കുങ്കിയാനകൾ ഉൾപ്പെടുന്ന സംഘമാണ് തോട്ടങ്ങളിൽ തെരച്ചിൽ നടത്തുന്നത്. ഡ്രോൺ ഉപയോഗിച്ചും തോട്ടങ്ങളിൽ തെരച്ചിൽ നടത്തുന്നുണ്ട്.

പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. നിരീക്ഷണ ക്യാമറയിൽ ചിത്രം പതിഞ്ഞതോടെ, എത്രയും വേഗം കടുവയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും.

TAGS :

Next Story