മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ക്ക് ബിജെപി-ആര്‍എസ്എസ് ഭീഷണി; പൊലീസിന് പരാതി നൽകുമെന്ന് കെയുഡബ്ള്യൂജെ
സാജിദിന് ഇടതുപക്ഷം സംരക്ഷണമൊരുക്കുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു

പാലക്കാട്: മീഡിയവണ്‍ പാലക്കാട് റിപ്പോർട്ടർ സാജിദ് അജ് മലിനെതിരായ ബിജെപി-ആര്‍എസ്എസ് ഭീഷണിയിൽ കേരള പത്രപ്രവർത്തക യൂണിയനും പൊലീസിനെ സമീപിക്കും. സാജിദിന് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് കെയുഡബ്ള്യൂജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ മീഡിയവണിനോട് പറഞ്ഞു.
ആര്‍എസ്എസിൻ്റെ ഗുണ്ടായിസം കേരളത്തിൽ നടപ്പാകില്ലെന്നും ആഭ്യന്തര വകുപ്പ് ഗൗരവമായി നടപടിയെടുക്കണമെന്നും വി.കെ ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു. വെട്ടിലായ ബിജെപിക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി രക്ഷപെടാമെന്ന് കരുതേണ്ട. യഥാർഥ വസ്തുതകൾ പുറത്തുവരുമ്പോൾ വിറളി പൂണ്ട് കാട്ടിക്കൂട്ടുന്ന കോപ്രായമാണിതെന്നും അദ്ദേഹം പരിഹസിച്ചു.
സാജിദിന് ഇടതുപക്ഷം സംരക്ഷണമൊരുക്കുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. ബിജെപിയുടെ ഫാഷിസ്റ്റ് സ്വഭാവമാണ് ഇതിലുടെ പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആർഎസ്എസ് ഭീഷണി വന്നതിൽ സാജിദിന് പിന്തുണ നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ ഒ. ജെ ജനീഷ് പറഞ്ഞു.
സാജിദിനെതിരെ നടക്കുന്ന സംഘപരിവാർ ഭീഷണി ഒറ്റക്കെട്ടായി നേരിടുമെന്ന് സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറും എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ഷെനിൻ മന്ദിരാട് പറഞ്ഞു. ഇതു കേരളം ആണ്. മാധ്യമപ്രവർത്തകർക്കെതിരെ നടത്തുന്ന ഈ ഭീഷണി കേരള ജനത ഒറ്റക്കെട്ടായി നേരിടും. ബിജെപി-ആര്‍എസ്എസ് പാലക്കാട് ഒരു വർഗീയ കലാപത്തിന് തുടക്കം കുറിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
വോട്ടിനു പണം നൽകുന്നത് മാത്രമല്ല, വാർത്തകളെയും മാധ്യമ പ്രവർത്തകരെയും കൊന്നു തള്ളുന്നതും ഒരു ഉത്തരേന്ത്യൻ രീതിയാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ പറഞ്ഞു. സാജിദ് അജ്മലിനു സംരക്ഷണം കൊടുക്കണം. സത്യം പറയുന്നതിന് ജീവൻ പകരം കൊടുക്കേണ്ട ഗതികേട് കേരളത്തിലെങ്കിലും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാജിദ് അജ് മലിന് ബിജെപി-ആര്‍എസ്എസ് ഭീഷണിയുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോർട്ട്. ശോഭാ സുരേന്ദ്രന്‍റെ വോട്ടിന് നോട്ട് എന്ന വാർത്ത പുറത്തുകൊണ്ടുവന്നതിലാണ് പ്രകോപനം. സാജിദിനെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും നീക്കം നടക്കുന്നതായി ഇന്‍റലിജന്‍സ് വിഭാഗം റിപ്പോർട്ട് നൽകി. സാജിദിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മീഡിയവണ്‍ എഡിറ്റർ ഡിജിപിക്ക് കത്തയച്ചു.
പാലക്കാട്ടെ എൻഡിഎ സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രൻ വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് സാജിദ് അജ്മലായിരുന്നു. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. താനുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് മെനഞ്ഞ കള്ളക്കഥയാണ് അരങ്ങേറിയതെന്നായിരുന്നു ശോഭയുടെ വാദം. എന്നാല്‍, തങ്ങളുടെ കൂടെയുള്ള സ്ത്രീയാണ് കാറിലുണ്ടായിരുന്നതെന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമപ്രവർത്തകർ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ശോഭ വെട്ടിലാവുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നായി പിന്നീടുള്ള വാദങ്ങള്‍.ഇതിന് പിന്നാലെ പണം നല്‍കിയ സ്ത്രീയും ശോഭ സുരേന്ദ്രനും തമ്മിൽ മുൻപരിചയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഴയ ഫോട്ടോകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
അതേസമയം വോട്ടിന് പണം നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണവുമായി പാലക്കാട് സൗത്ത് പൊലീസ്. പരാതിക്കാരുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ചവരുടെയും മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനക്കയക്കും. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. നിശബ്ദ പ്രചാരണ ദിവസം മറ്റു വീടുകളിലും ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പണം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.
Adjust Story Font
16

