നിയമസഭാ തെരഞ്ഞെടുപ്പ്; കെഎസ്‌യു ജെൻസി കണക്ട് യാത്രയ്ക്ക് തുടക്കം
എൽഎഡിഎഫ് ഭരണത്തിൽ പൊതു വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാര തകർച്ച തുറന്നു കാട്ടുകയാണ് യാത്രയുടെ ലക്ഷ്യം

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാർഥികളെ നേരിൽ കണ്ട് നിർദേശങ്ങൾ സ്വീകരിക്കാനായി കെഎസ്‌യു നടത്തുന്ന യാത്രയ്ക്ക് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്ര കാസർകോട് കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെഎസ്‌യുവിന്റെ യാത്ര. എൽഎഡിഎഫ് ഭരണത്തിൽ പൊതു വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാര തകർച്ച തുറന്നു കാട്ടുകയാണ് യാത്രയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംവാദ സദസുകൾ സെമിനാറുകൾ വിദ്യാർഥി റാലികൾ എന്നിവ സംഘടിപ്പിക്കും.
പുതു തലമുറയുടെ കാഴ്ച്ചപ്പാടുകളും അവരുടെ നിർദേശങ്ങളും ഉൾപ്പെടുത്തി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള സമഗ്രമായ ഒരു വികസന രേഖ തയ്യാറാക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.
കാസർകോട് നിന്നാരംഭിച്ച യാത്ര 28ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയുടെ ഭാഗമായി തയ്യാറാക്കുന്ന സ്റ്റുഡൻസ് മാനിഫെസ്റ്റോ കെപിസിസി ഭാരവാഹികൾക്ക് കൈമാറും. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറുമാർ സംസ്ഥാന ജന.സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ യാത്രയിലെ സ്ഥിരാംഗങ്ങളാണ്.
Adjust Story Font
16

